ന്യൂഡൽഹി : റഷ്യയെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യയ്ക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന യുഎസ് പ്രഖ്യാപനത്തിനെതിരെ പ്രതികരണവുമായി റഷ്യ. യുഎസ് വിപണിയിൽ പ്രവേശിക്കുന്നതിന് തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഇന്ത്യ റഷ്യയിലേക്ക് തങ്ങളുടെ സാധനങ്ങൾ കയറ്റുമതി ചെയ്യാൻ സ്വാഗതം ചെയ്യുന്നുവെന്ന് റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്കിൻ അറിയിച്ചു. ഇന്ത്യയ്ക്കുമേലുള്ള അമേരിക്കയുടെ സമ്മർദ്ദം ന്യായീകരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്നും റഷ്യൻ നയതന്ത്രജ്ഞൻ വ്യക്തമാക്കി.
യുഎസിൽ നിന്നുള്ള സമ്മർദ്ദം വർദ്ധിച്ചാലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊർജ്ജ സഹകരണം തുടരുമെന്നും റോമൻ ബാബുഷ്കിൻ സൂചിപ്പിച്ചു. “വർഷംതോറും ഊർജ്ജ ആവശ്യകതകൾ വർദ്ധിച്ചുവരുന്ന ഒരു രാജ്യമാണ് ഇന്ത്യ. നിലവിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ വിതരണം ചെയ്യുന്ന രാജ്യം റഷ്യയാണ്. റഷ്യയുടെയും ഇന്ത്യയുടെയും സമ്പദ് വ്യവസ്ഥകൾ എപ്പോഴും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുന്നു. ഈ സഹകരണം എല്ലായ്പ്പോഴും തുടരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്” എന്നും റോമൻ ബാബുഷ്കിൻ വ്യക്തമാക്കി.
ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന രാജ്യമാണ് എപ്പോഴും അതിന്റെ വിപരീത ഫലം അനുഭവിക്കേണ്ടി വരിക എന്നും അദ്ദേഹം അറിയിച്ചു. സ്ഥിരമായ സാമ്പത്തിക വളർച്ച അനുഭവിക്കുന്ന റഷ്യയെ ദുർബലപ്പെടുത്തുന്നതിൽ ഉപരോധങ്ങൾ പരാജയപ്പെട്ടത് അതിന് ഉദാഹരണം ആണെന്നും ബാബുഷ്കിൻ ചൂണ്ടിക്കാട്ടി. “സ്വന്തം നേട്ടത്തെക്കുറിച്ച് ചിന്തിക്കുന്ന നവകൊളോണിയൽ ശക്തികളെപ്പോലെയാണ് അവർ പെരുമാറുന്നത്. ഉപരോധങ്ങൾ നിയമവിരുദ്ധമായ മത്സരത്തിനുള്ള ഒരു ഉപകരണമാണ്. സുഹൃത്തുക്കൾ അങ്ങനെ പെരുമാറില്ല. ബ്രിക്സ് രാജ്യങ്ങൾ ഇതുവരെ ആർക്കും ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടില്ല” എന്നും റോമൻ ബാബുഷ്കിൻ വ്യക്തമാക്കി.
Discussion about this post