സ്…പാമ്പുകളെന്ന് കേൾക്കുന്നതേ പേടിയുള്ള കൂട്ടത്തിലാണ് നമ്മളിൽ പലരും. അവയുടെ രൂപവും ഭാവവും ഉഗ്രശേഷിയുള്ള വിഷവും തന്നെ കാരണം. അതുകൊണ്ട് തന്നെ പാമ്പിന്റെ നിഴൽ കണ്ടാൽ പരമാവധി അവയ്ക്കരികിലൂടെ പേകാതിരിക്കാനാണ് പലരും ശ്രമിക്കാറുള്ളത്. പാമ്പ് പേടിയുള്ളവർ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ജീവിച്ചിരിക്കുന്ന പാമ്പുകളെ പോലെ തന്നെ അപകടകാരികളാണ് ചത്ത പാമ്പുകൾ.
ജീവനുള്ളപ്പോൾ കടിക്കുന്നതിന് സമാനമായി ചത്ത പാമ്പും കടിക്കുമത്രേ. നമ്മുടെ മൂർഖനും ശംഖുവരയനും ചത്തതിന് ശേഷവും ആറുമണിക്കൂർവരെ വിഷം വമിപ്പിക്കാൻ ശേഷിയുണ്ടെന്നാണ് പുതിയ രണ്ടെക്കൽ. ഫ്രൊണ്ടിയേഴ്‌സ് ഇൻ ട്രോപ്പിക്കൽ ഡിസീസ് എന്ന രാജ്യാന്തര ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പാമ്പുകടിയേറ്റുള്ള മരണം: ചത്ത പാമ്പിന്റെ വിഷബാധയും ചികിത്സയും സംബന്ധിച്ച കേസ് റിപ്പോർട്ട്’ എന്ന പഠനത്തിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ ഉള്ളത്. സുവോളജിസ്റ്റായ സുസ്മിത ഥാക്കൂർ, ബയോടെക്‌നോളജിസ്റ്റ് റോബിൻ ദോലെ, അനെസ്‌തേഷ്യോളജിസ്റ്റ് സുരജിത് ഗിരി, പീഡിയാട്രീഷ്യന്മാരായ ഗൗരവ് ചൗധരി, ഹെമിൻ നാഥ് എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് ഈ കണ്ടെത്തൽ നടത്തിയത്.
ചത്തപാമ്പുകൾ വിഷം വമിപ്പിച്ച മൂന്ന് കേസുകളാണ് പ്രധാനമായും പഠനത്തിൽ എടുത്തുപറയുന്നത്. രണ്ടെണ്ണം ചത്ത മൂർഖൻ പാമ്പിന്റെയും ഒന്ന് ശംഖുവരയന്റെയും കടിയേറ്റതായിരുന്നു. അസമിലാണ് ഇവ സംഭവിച്ചത്. 20 ഡോസ് ആന്റിവെനം നൽകിയാണ് കടിയേറ്റവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായത്. 25 ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടിയും വന്നു.
റാറ്റിൽ സ്‌നേക്‌സ്, കോപ്പർഹെഡ്‌സ്, സ്പിറ്റിങ് കോബ്ര, ഓസ്‌ട്രേലിയൻ റെഡ് ബെല്ലീഡ് ബ്ലാക്ക് സ്‌നേക്‌സ് എന്നിവയ്ക്ക് ചത്ത ശേഷവും കടിക്കാനും മനുഷ്യനെയും മൃഗങ്ങളെയും കൊല്ലാനുമുള്ള ശേഷിയുണ്ടെന്ന് നേരത്തെ മുതൽ തന്നെ പറയപ്പെടുന്ന വിഷയമാണ്. എന്നാൽ ചത്ത ശേഷവും കടിക്കാൻ മൂർഖനും ശംഖുവരയനും കഴിയുമെന്നത് തെളിയിക്കുന്ന, ലോകത്തെ തന്നെ ആദ്യ സംഭവങ്ങളാണ് അസമിൽ റിപ്പോർട്ട് ചെയ്‌തെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
ഇതിന്റെ കാരണവും ഗവേഷകർ വ്യക്തമാക്കുന്നു.ഉഷ്ണരക്തമുള്ള സസ്തനികളുടെ ജീവൻ നഷ്ടമാവുകയോ തലയറുക്കപ്പെടുകയോ ചെയ്താലും പരമാവധി ഏഴു മിനിറ്റുവരെ മാത്രമാണ് തലച്ചോർ സജീവമായിരിക്കുക. എന്നാൽ, ഉഷ്ണരക്തവും സാവധാനത്തിലുള്ള ഉപാപചയവുമുള്ള പാമ്പുകളിൽ തല വെട്ടിമാറ്റിയാൽ പോലും നാലു മുതൽ ആറു മണിക്കൂർ വരെ തലച്ചോർ പണിയെടുക്കുമത്രേ. ഇങ്ങനെ വെട്ടിമാറ്റിയ തലയിൽ തൊടുമ്പോൾ പോലും റിഫ്‌ലക്‌സ് പ്രവർത്തനത്തിന്റെ ഭാഗമായി കടിയേൽക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Discussion about this post