പെട്ടെന്നുള്ള ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് രവിചന്ദ്രൻ അശ്വിൻ, രാഹുൽ ദ്രാവിഡിനോട് തുറന്നുപറഞ്ഞിരിക്കുകയാണ്. എന്തുകൊണ്ടാണ് നിങ്ങൾ ഒരു ഫെയർവെല്ലും കൂടാതെ ക്രിക്കറ്റിനോട് വിട പറഞ്ഞതെന്നുള്ള ദ്രാവിഡിന്റെ ചോദ്യത്തിനാണ് അശ്വിൻ മറുപടി നൽകിയത്. “അതിനുള്ള സമയമായി എന്ന് ഞാൻ കരുതി. എനിക്ക് പ്രായമായി എന്ന് തോന്നി തുടങ്ങി,” അശ്വിൻ പറഞ്ഞു. ബോർഡർ-ഗവാസ്കർ ട്രോഫിയുടെ സമയത്ത് വിരമിച്ചപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ കളിക്കാരനായിരുന്നു അദ്ദേഹം.
വിദേശ രാജ്യത്ത് നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ അശ്വിൻ ഇന്ത്യയുടെ ലീഡ് സ്പിന്നർ ആയിട്ടല്ല ഇറങ്ങിയിരുന്നത്. ടീം മാനേജ്മെന്റ് അദ്ദേഹത്തിന് മുകളിൽ രവീന്ദ്ര ജഡേജയെയും വാഷിംഗ്ടൺ സുന്ദറിനെയും പരിഗണിക്കാൻ തുടങ്ങിയതും ഈ കാലഘത്തിൽ നമ്മൾ കണ്ടിട്ടുള്ള കാര്യമാണ്. ഗാബ്ബ ടെസ്റ്റിനുശേഷം ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം നടന്ന പത്രസമ്മേളനത്തിൽ അശ്വിൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതിനാൽ അത് തന്റെ തീരുമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
“എന്റെ കുട്ടികൾ വളരുമ്പോൾ ഞാൻ അവരോടൊപ്പം വീട്ടിലിരിക്കാൻ ആഗ്രഹിച്ചു, ടീമിൽ പോലും ഇല്ലാത്ത ഞാൻ പിന്നെ എന്താണ് ചെയ്യേണ്ടത്?” അദ്ദേഹം വിശദീകരിച്ചു.
“34-35 വയസ്സിൽ ഞാൻ വിരമിക്കുമെന്ന് എനിക്ക് എല്ലായ്പ്പോഴും വ്യക്തമായിരുന്നു,” അശ്വിൻ വെളിപ്പെടുത്തി. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് തുടരുമെന്നും അശ്വിൻ പറഞ്ഞിരുന്നു“ശക്തിയോടെ തിരിച്ചുവരാൻ ചിലപ്പോൾ ഇടവേള എടുക്കേണ്ടത് പ്രധാനമാണ്. ചിലപ്പോഴൊക്കെ ഈ ബ്രേക്ക് നമ്മളെ സഹായിക്കും” അദ്ദേഹം പറഞ്ഞു നിർത്തി.












Discussion about this post