ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് (കെകെആർ) വേണ്ടി കളിക്കുന്ന റിങ്കു സിംഗ്, ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിന് ശേഷം ഫ്രാഞ്ചൈസി സഹ ഉടമയായ ഷാരൂഖ് ഖാന്റെ ഹൃദയസ്പർശിയായ പ്രവൃത്തിയെക്കുറിച്ച് തുറന്നു പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ്. 2024 ലെ ഐസിസി ടി20 ലോകകപ്പിന്റെ പ്രധാന സ്‌ക്വാഡിൽ റിങ്കുവിന് ഇടം ലഭിച്ചില്ല, എന്നാൽ റിസർവ് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ വിസ ഒപ്പിക്കാൻ താരത്തിന് മുംബൈയിലേക്ക് പോകേണ്ടിവന്നു. ഷാരൂഖ് ഖാനൊപ്പം ആ യാത്ര ചെയ്യാൻ അവസരം കിട്ടിയപ്പോൾ തനിക്ക് മടിയായിരുന്നു എന്ന് റിങ്കു സിംഗ് പറഞ്ഞു.
“പ്രധാന ടീമിൽ എന്നെ തിരഞ്ഞെടുത്തിട്ടില്ല, ടീം ഇതിനകം പുറപ്പെട്ടിരുന്നു. വിസയ്ക്കായി എനിക്ക് മുംബൈയിലേക്ക് പോകേണ്ടിവന്നു. അതിനാൽ തന്നെ എന്റെ ഫ്‌ളൈറ്റ് ഞാൻ ബുക്ക് ചെയ്തിരുന്നു. സാർ ആകട്ടെ ഇത് അറിഞ്ഞ് യാത്ര അദ്ദേഹത്തോടൊപ്പമാക്കാൻ പറഞ്ഞു. സാറിനൊപ്പം യാത്ര ചെയ്യാൻ പോകുന്ന കാര്യം ഓർത്തിട്ട് എനിക്ക് പരിഭ്രാന്തി തോന്നി. പേടിയായതിനാൽ ഞാൻ ആദ്യം അദ്ദേഹത്തോടൊപ്പം ഇല്ല എന്നാണ് പറഞ്ഞത്” റിങ്കു റെവ്സ്പോർട്സിനോട് പറഞ്ഞു.
എന്നിരുന്നാലും, ഷാരൂഖ് ഖാൻ നിർബന്ധിച്ചതോടെ യാത്രക്ക് സമ്മതിക്കുക ആയിരുന്നു എന്നാണ് താരം പറഞ്ഞത്. “സർ എന്നോട് ചോദിച്ചപ്പോൾ എനിക്ക് ഇല്ല എന്ന് പറയാൻ കഴിഞ്ഞില്ല. അദ്ദേഹം എനിക്ക് പ്രോത്സാഹനം നൽകി, എനിക്ക് കാര്യങ്ങൾ വിശദീകരിച്ചു തന്നു. ആദ്യമായിട്ടായിരുന്നു ഞാൻ ഒരു ചാർട്ടർ ഫ്ലൈറ്റിൽ യാത്ര ചെയ്തത്, അതും സാറിനൊപ്പം. ആ രണ്ട് മണിക്കൂർ അത്ഭുതകരവും അവിശ്വസനീയവുമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഐപിഎൽ 2023ൽ യാഷ് ദയാലിൻറെ ഓവറിൽ തുടർച്ചയായി അഞ്ച് സിക്സറുകൾ അടിച്ചതിന് ശേഷം, റിങ്കു സിംഗ് പെട്ടെന്ന് പ്രശസ്തി നേടി. സീസണിൽ 14 ഇന്നിംഗ്സുകളിൽ നിന്ന് 59.25 ശരാശരിയിലും 149.52 സ്ട്രൈക്ക് റേറ്റിലും 474 റൺസ് അദ്ദേഹം നേടി. 2024-ൽ കൊൽക്കത്ത കിരീടം നേടിയതിനെത്തുടർന്ന്, 2025 സീസണിൽ 13 കോടി രൂപയ്ക്ക് റിങ്കുവിനെ നിലനിർത്തി.
2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ റിസേർവ് ടീമിലും റിങ്കു ഭാഗമാണ്.
Discussion about this post