ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിചിത്രമായ സംഭവങ്ങളിലൊന്നിൽ ഭാഗമായവരാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബില്ലി മിഡ്‌വിന്ററും ഇതിഹാസ താരം ഡബ്ല്യു.ജി. ഗ്രേസും. ഇ.എസ്.പി.എൻ.ക്രിക്ഇൻഫോ പ്രകാരം “തട്ടിക്കൊണ്ടുപോകൽ” വരെ ഇരുവരും ഭാഗമായ ഒരു മത്സരത്തിൽ നടന്നിട്ടുണ്ട്.
ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർഷെയറിൽ ജനിച്ച ബില്ലി മിഡ്‌വിന്റർ, ഒരു ഓൾറൗണ്ടറായിരുന്നു. ശേഷം അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് കുടിയേറി 1877-ൽ ഓസ്‌ട്രേലിയക്ക് വേണ്ടി രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചു. അടുത്ത വർഷം അദ്ദേഹം ഇംഗ്ലണ്ടിലേക്ക് മടങ്ങി. മുമ്പ് ഗ്രേസിന്റെ ഗ്ലൗസെസ്റ്റർഷെയർ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിൽ താരം കളിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കണം.
1878 ജൂൺ 20-ന്, ലോർഡ്‌സിൽ മിഡിൽസെക്സിനെതിരെയുള്ള മത്സരത്തിൽ ഓസ്‌ട്രേലിയൻ ടൂറിങ് ടീമിന് വേണ്ടി താരം കളത്തിൽ ഇറങ്ങും എന്ന് നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ചത് ആയിരുന്നു . എന്നിരുന്നാലും, ആവശ്യമുള്ളപ്പോൾ ഗ്ലൗസെസ്റ്റർഷെയറിനായി കളിക്കാൻ ഡബ്ല്യു.ജി. ഗ്രേസുമായിട്ടും അദ്ദേഹത്തിന് കരാർ ഉണ്ടായിരുന്നു. അതേ ദിവസം ഓവലിൽ സറേയ്‌ക്കെതിരെ ഗ്ലൗസെസ്റ്റർഷെയറിനായി മിഡ്‌വിന്റർ, കളിക്കുമെന്ന് ഗ്രേസ് പ്രതീക്ഷിച്ചിരുന്നു, ആ സമയത്ത് ടീമിൽ താരങ്ങളുടെ കുറവും അവർക്ക് തിരിച്ചടിയായിരുന്നു. എന്തായാലും രണ്ട് പ്രതിബദ്ധതകൾക്കിടയിൽ മിഡ്‌വിന്റർ കുടുങ്ങി.
എന്തായാലും മിഡ്‌വിന്റർ ഓവലിൽ ഇല്ലെന്നും തന്റെ ടീമിന് കളിക്കാരുടെ എണ്ണം കുറവാണെന്നും ഡബ്ല്യു.ജി. ഗ്രേസ് മനസ്സിലാക്കിയപ്പോൾ അദ്ദേഹം കോപാകുലനായി. അദ്ദേഹം നല്ല ദേഷ്യത്തിൽ ലോർഡ്‌സിലേക്ക് ഒരു വണ്ടിയിൽ കയറി അവിടെ എത്തി. ശേഷം ഓസ്‌ട്രേലിയൻ ഡ്രസ്സിംഗ് റൂമിലേക്ക് അതിക്രമിച്ചു കയറി, മിഡ്‌വിന്ററിനോട് ദേഷ്യപ്പെട്ടു. ഗ്ലൗസെസ്റ്റർഷെയറിനോടുള്ള കരാർ ബാധ്യതകളെക്കുറിച്ച് ഗ്രേസ് മിഡ്‌വിന്ററിനെ ഓർമ്മിപ്പിച്ചു.
ഗ്രേസിന്റെ ദേഷ്യം കണ്ട് പേടിച്ച പാവം മിഡ്‌വിന്റർ ഗ്രേസിനും സഹോദരൻ ഇ.എം. ഗ്രേസിനുമൊപ്പം ലോർഡ്‌സ് വിട്ടു. ചുരുക്കി പറഞ്ഞാൽ നല്ല ഉഗ്രൻ ” കിഡ്നാപ്പിംഗ് ” തന്നെയാണ് ഇവിടെ നടന്നത്. എന്തായാലും കിഡ്നാപ്പിംഗും മിഡ്‌വിന്ററിന്റെ മുങ്ങലും അറിഞ്ഞ ഓസ്‌ട്രേലിയൻ ടീമും വിട്ടുകൊടുത്തില്ല. അവരും ഒരു കാർ എടുത്ത് ഗ്രേസിനെയും കൂട്ടരെയും പിന്തുടർന്നെത്തി. എന്തായാലും വാക്കുതർക്കങ്ങൾക്കും സംസാരങ്ങൾക്കും ഒടുവിൽ ബില്ലി മിഡ്‌വിന്റർ മത്സരത്തിൽ ഗ്ലൗസെസ്റ്റർഷെയർ ടീമിനായി തന്നെ കളത്തിലിറങ്ങി.
1878 സീസണിന്റെ ശേഷിച്ച കാലയളവിൽ മിഡ്‌വിന്റർ ഗ്ലൗസെസ്റ്റർഷെയറിനു വേണ്ടി തന്നെ കളിച്ചു, ഓസ്‌ട്രേലിയൻ ടൂറിംഗ് ടീമിൽ ചേർന്നില്ല. പിന്നീട് 1881-82 ലെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇംഗ്ലണ്ടിനായി നാല് ടെസ്റ്റുകൾ കളിച്ചു, തുടർന്ന് 1883 ൽ ഓസ്‌ട്രേലിയയ്‌ക്കായി ആറ് ടെസ്റ്റുകൾ കൂടി കളിച്ചു. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്‌ക്കുമായി മാറി മാറി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ഒരേയൊരു കളിക്കാരൻ എന്ന നിലയിൽ മിഡ്‌വിന്റർ ശ്രദ്ധേയനാണ്.
Discussion about this post