സഞ്ജു സാംസണിന്റെ മെന്ററും പരിശീലകനുമായ റൈഫി ഗോമസ്, 2025 ലെ ഏഷ്യാ കപ്പിന് മുമ്പ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്റെ കഴിവിനെ വാഴ്ത്തിപ്പാടി രംഗത്ത് വന്നിരിക്കുകയാണ്. രണ്ട് വിക്കറ്റ് കീപ്പർമാർ ഉള്ള സാഹചര്യത്തിൽ ആര് ടീമിന്റെ ഗ്ലൗസ് അണിയും എന്നതാണ് പ്രധാന ചോദ്യം. ജിതേഷ് ശർമ്മ മധ്യനിരയിൽ നല്ല റെക്കോഡ് ഉള്ള താരമായതിനാൽ താരം അവിടെ ഇറങ്ങും എന്നൊരു റൂമാർ ഇപ്പോൾ ഉണ്ട്.
സഞ്ജു സാംസണിന്റെ സ്ഥിരത കുറവ് ജിതേഷിനെ രണ്ടാമത്തെ കീപ്പറായി തിരഞ്ഞെടുക്കാൻ സെലക്ടർമാരെ പ്രേരിപ്പിച്ചിരിക്കാം, ഏഷ്യാ കപ്പ് അടുക്കുമ്പോൾ ഈ സ്ഥാനത്തിന് കാര്യമായ മത്സരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ ഒരു പ്രൊഫഷണൽ കളിക്കാരനാണെന്നും ആവശ്യമുള്ളിടത്തെല്ലാം മാറ്റങ്ങൾ വരുത്താനും ക്രമത്തിൽ ബാറ്റ് ചെയ്യാനും തയ്യാറാണെന്നും അദ്ദേഹത്തിന്റെ മെന്റർ റൈഫി വിശ്വസിക്കുന്നു.
“ഒരു പ്രൊഫഷണൽ, അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന കളിക്കാരൻ എന്ന നിലയിൽ, ക്രമത്തിൽ ബാറ്റ് ചെയ്യേണ്ടി വന്നാൽ സഞ്ജുവിന് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കഴിയും. അദ്ദേഹത്തിന് അപാര വഴക്കമുണ്ട്. കൂടാതെ തന്റെ കഴിവുകളിൽ അദ്ദേഹത്തിന് വളരെ ആത്മവിശ്വാസമുണ്ട്,” മുൻ ക്രിക്കറ്റ് താരം റൈഫി ഗോമസ് ദി ടെലിഗ്രാഫിനോട് പറഞ്ഞു.
എന്തായാലും ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിൽ ഇതുവരെ സ്ഥാനം ഉറപ്പിച്ചിട്ടില്ലാത്ത സഞ്ജു മികച്ച പ്രകടനം നടത്തി സെലെക്ടർമാർക്ക് മുന്നിൽ തന്നെ ഒഴിവാക്കാനാകാത്ത ഒരു പേരായി മാറ്റുകയാണ്. ഗില്ലിന്റെ കടന്നുവരവാണ് സഞ്ജുവിന് കാര്യങ്ങൾ ബുദ്ധിമുട്ടിയാക്കിയത്. രണ്ടാം മത്സരത്തിലെ സെഞ്ചുറിയും മൂന്നാം മത്സരത്തിലെ അർദ്ധ സെഞ്ച്വറി കൂടിയായതോടെ സഞ്ജു തനിക്ക് സ്ഥിരത ഇല്ല എന്ന് പറഞ്ഞവരെ കൂടി വെല്ലുവിളിക്കുന്നു.
ഞായറാഴ്ച നടന്ന പോരിൽ 51 പന്തിൽ നിന്ന് 121 റൺസ് നേടിയ സാംസൺ, ചൊവ്വാഴ്ച തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ തൃശൂർ ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിലും തന്റെ മിന്നുന്ന ഫോം തുടർന്നു. 46 പന്തിൽ 89 റൺ നേടിയ സഞ്ജുവിന്റെ പ്രകടനത്തിന് പക്ഷെ ടീമിനെ ജയിപ്പിക്കാനായില്ല.
ഓപ്പണിങ് വിക്കറ്റിൽ ഇറങ്ങിയ സഞ്ജു തുടക്കം മുതൽ തന്നെ തന്റെ ഉദ്ദേശം വ്യക്തമാക്കുന്ന രീതിയിലാണ് കളിച്ചത്. അതിനിടയിൽ 2 വിക്കറ്റ് വീണതോടെ മാസ് ശൈലിയും ക്ലാസ് ശൈലിയും ചേർന്ന രീതിയിലേക്ക് ബാറ്റിംഗ് മാറ്റി. 4 ബൗണ്ടറിയും 9 സിക്‌സും അടങ്ങിയ സഞ്ജുവിന്റെ ഇന്നിംഗ്സ് മാറ്റി നിർത്തിയാൽ മറ്റ് വലിയ സംഭാവനകൾ ഒന്നും കൊച്ചിയുടെ താരങ്ങളിൽ നിന്നും ഉണ്ടായില്ല.













Discussion about this post