ലോകത്തിലെ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബറുള്ള യൂട്യൂബറായ മിസ്റ്റർ ബീസ്റ്റ്, വിരാട് കോഹ്‌ലിയെ തന്റെ വീഡിയോയിൽ ഉൾപ്പെടുത്താൻ അതിയായ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് കോഹ്‌ലിയുമായി ചേർന്ന് ഒരു പ്രോജക്റ്റ് ചെയ്യാൻ താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.
“വിരാട്, ഞാൻ നിങ്ങളുമായി ചേർന്ന് ഒരു വീഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എപ്പോഴെങ്കിലും നമുക്ക് അത് സാധ്യമാകുമെന്ന് ഞാൻ കരുതുന്നു,” എന്നാണ് മിസ്റ്റർ ബീസ്റ്റ് മുമ്പൊരിക്കൽ കുറിച്ചത്. നേരത്തെ ഇന്ത്യയിലെത്തിയപ്പോൾ മിസ്റ്റർ ബീസ്റ്റ് കോഹ്‌ലിയുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഇരുവരും പരസ്പരം പിന്തുടരുന്നത് വലിയ വാർത്തയായിരുന്നു.
വിരാട് കോഹ്‌ലി തന്റെ സ്വന്തം യൂട്യൂബ് ചാനൽ ആരംഭിച്ചാൽ അത് മിസ്റ്റർ ബീസ്റ്റിന്റെ റെക്കോർഡുകളെ വെല്ലുവിളിക്കുമെന്ന് ആരാധകർക്കിടയിൽ ചർച്ചകളുണ്ട്. ഇത് തമാശരൂപേണ മിസ്റ്റർ ബീസ്റ്റ് നേരത്തെ പരാമർശിച്ചിരുന്നു. 2026 ടി20 ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കെ, വിദേശത്ത് വലിയ സ്വാധീനമുള്ള മിസ്റ്റർ ബീസ്റ്റും ഇന്ത്യയുടെ ഏറ്റവും വലിയ താരം വിരാട് കോഹ്‌ലിയും ഒന്നിച്ചാൽ അത് ഡിജിറ്റൽ ലോകത്ത് വലിയ വിപ്ലവം സൃഷ്ടിക്കും.













Discussion about this post