പഞ്ചാബിനെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ ക്രീസിൽ വിസ്ഫോടനം തീർത്ത് മുംബൈയുടെ വിശ്വസ്ത ബാറ്റർ സർഫ്രാസ് ഖാൻ. നേരിട്ട ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിച്ച സർഫറാസ്, പഞ്ചാബ് ബൗളർമാരെ നിലംതൊടാൻ അനുവദിച്ചില്ല. വെറും 20 പന്തിൽ നിന്ന് 62 റൺസ് അടിച്ചുകൂട്ടിയാണ് താരം മടങ്ങിയത്.
പഞ്ചാബ് നായകൻ അഭിഷേക് ശർമ്മ എറിഞ്ഞ ഒരോവറിൽ അഞ്ച് സിക്സറുകൾ ഉൾപ്പെടെ 30 റൺസാണ് സർഫറാസ് അടിച്ചെടുത്തത്. താരത്തിന്റെ പവർ ഹിറ്റിംഗിന് മുന്നിൽ അഭിഷേകിന് മറുപടിയുണ്ടായില്ല. 310 എന്ന പ്രഹരശേഷിയിൽ ബാറ്റ് ചെയ്ത താരത്തിന്റെ ഇന്നിംഗ്‌സിൽ ഏഴ് ഫോറുകളും അഞ്ച് സിക്സറുകളും ഉൾപ്പെട്ടു.
അതേസമയം സർഫറാസ് ഖാൻ പടക്കത്തിന് തീക്കൊളുത്തിയതുപോലെ ബാറ്റ് ചെയ്തെങ്കിലും വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയ്ക്ക് ഇന്ന് നിരാശയായിരുന്നു ഫലം. പഞ്ചാബ് ഉയർത്തിയ 216 റൺസ് പിന്തുടർന്ന മുംബൈ 214 റൺസിന് പുറത്തായതോടെ വിജയം ഒരു റണ്ണിന് അകലെ നഷ്ടമായി. 216 റൺസ് പിന്തുടർന്നപ്പോൾ മുംബൈയ്ക്ക് ഓപ്പണർമാരെ വേഗത്തിൽ നഷ്ടമായി. അങ്ക്രിഷ് രഘുവംശി (23), മുഷീർ ഖാൻ (21) എന്നിവർ വലിയ സ്കോർ കണ്ടെത്താനാകാതെ മടങ്ങിയതോടെ മുംബൈ സമ്മർദ്ദത്തിലായി.
ടീം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് സർഫറാസ് ഖാൻ ക്രീസിലെത്തിയത്. എന്നാൽ താരം മടങ്ങിയ ശേഷം നായകൻ ശ്രേയസ് അയ്യരും മികവ് കാണിച്ചെങ്കിലും ബാക്കിയാർക്കും അവസരത്തിനൊത്ത് ഉയരാൻ സാധിച്ചില്ല. ഇതോടെ ടീം തോൽവിയെറ്റ് വാങ്ങി.












Discussion about this post