പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരർ രാജ്യത്തേക്ക് കടന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഇതേതുടർന്ന് വ്യാഴാഴ്ച ബീഹാർ പോലീസ് ആസ്ഥാനം സംസ്ഥാനവ്യാപകമായി അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ മൂന്ന് പ്രവർത്തകർ നേപ്പാൾ അതിർത്തി വഴി ബീഹാറിലേക്ക് കടന്നതായാണ് റിപ്പോർട്ടുകൾ.
ബീഹാർ പോലീസ് പങ്കിട്ട വിവരമനുസരിച്ച്, റാവൽപിണ്ടിയിൽ നിന്നുള്ള ഹസ്നൈൻ അലി, ഉമർകോട്ടിൽ നിന്നുള്ള ആദിൽ ഹുസൈൻ, ബഹാവൽപൂരിൽ നിന്നുള്ള മുഹമ്മദ് ഉസ്മാൻ എന്നിവരാണ് ഇന്ത്യയിലേക്ക് കടന്നത്.
ആഗസ്റ്റ് രണ്ടാം വാരത്തിൽ അവർ കാഠ്മണ്ഡുവിലെത്തി കഴിഞ്ഞയാഴ്ച ബീഹാറിൽ പ്രവേശിച്ചതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.സുരക്ഷാ ഏജൻസികൾക്ക് നിരീക്ഷണം വർദ്ധിപ്പിക്കാനും രഹസ്യ വിവരങ്ങൾ ശേഖരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ ഇന്റലിജൻസ് യൂണിറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post