2025-26 ആഭ്യന്തര സീസൺ, ദുലീപ് ട്രോഫിയോടെയാണ് ആരംഭിച്ചത്. അവിടെ വിദർഭയുടെ യുവ ബാറ്റിംഗ് സെൻസേഷൻ ഡാനിഷ് മാലേവാർ തന്റെ ബാറ്റിംഗ് മികവ് കൊണ്ട് വാർത്തകളിൽ ഇടം നേടുകയാണ്. 21 വയസ്സുള്ള താരം നോർത്ത് ഈസ്റ്റ് സോണിനെതിരെ നടന്ന പോരിൽ സെൻട്രൽ സോണിനായി 203 റൺസ് നേടി തിളങ്ങി. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ റെഡ്-ബോൾ ക്രിക്കറ്റിലെ നെക്സ്റ്റ് ബിഗ് തിങ് എന്ന പേര് താരത്തിന് ഇതിടെ കിട്ടുകയും ചെയ്തു.
2024 അവസാനത്തിൽ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചതിനുശേഷം മാലേവാർ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് . തന്റെ അരങ്ങേറ്റ രഞ്ജി സീസണിൽ 783 റൺസ് അദ്ദേഹം നേടി, അതിൽ കേരളത്തിനെതിരായ ഫൈനലിൽ നേടിയ നിർണായകമായ 153 റൺസും ഉൾപ്പെടുന്നു. ഇത് വിദർഭയ്ക്ക് അവരുടെ മൂന്നാമത്തെ രഞ്ജി ട്രോഫി കിരീടം നേടിക്കൊടുത്തു. യാഷ് റാത്തോഡിനും കരുൺ നായർക്കും ശേഷം ആ സീസണിൽ വിദർഭയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ കളിക്കാരനായിരുന്നു താരം. ഇപ്പോൾ, ദുലീപ് ട്രോഫി ചരിത്രത്തിൽ വിദർഭയിൽ നിന്നുള്ള ആദ്യ സെഞ്ച്വറിക്കാരനുമായി താരം മാറി.
മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന നാഗ്പൂരിൽ ജനിച്ച താരം രാഹുൽ ദ്രാവിഡിനേയും ചേതേശ്വർ പൂജാരയേയും ഓർമിപ്പിക്കുന്ന രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. കൂൾ ആറ്റിറ്റ്യൂടിൽ ഉള്ള ബാറ്റിംഗാണ് താരത്തിന്റെ പ്രത്യേകത. വെറും 10 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് അഞ്ച് അർദ്ധ സെഞ്ചുറിയും രണ്ട് സെഞ്ചുറിയും താരം നേടിയിട്ടുണ്ട്. എന്നിരുന്നാലും ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച താരത്തിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നു.
“എന്റെ അച്ഛൻ എപ്പോഴും എന്നെ ഒരു ക്രിക്കറ്റ് കളിക്കാരനാക്കണമെന്ന് ആഗ്രഹിച്ചിരുന്നു, എനിക്ക് ഏഴ് വയസ്സുള്ളപ്പോൾ ഞാൻ ഒരു അക്കാദമിയിൽ ചേർന്നു. അദ്ദേഹം വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടു, പക്ഷേ എന്റെ ക്രിക്കറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് അദ്ദേഹം ഉറപ്പുവരുത്തി. എന്റെ ജൂനിയർ ദിവസങ്ങളിൽ ഞാൻ റൺസ് നേടുമ്പോൾ ബാറ്റുകളും പാഡുകളും ഗ്ലൗസുകളും തന്നിരുന്ന ആളുകൾ ഉണ്ടായിരുന്നു. എന്റെ അണ്ടർ-19 ദിവസങ്ങൾക്ക് ശേഷമാണ് പണം വരാൻ തുടങ്ങിയത്,” മാലേവർ പറഞ്ഞു.
ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി തുടങ്ങിയ സൂപ്പർ താരങ്ങൾ ടെസ്റ്റിൽ നിന്ന് വിരമിച്ചതിനാൽ, അന്താരാഷ്ട്ര ക്രിക്കറ്റിലെ നിർണായകമായ മൂന്നാം നമ്പർ ബാറ്റിംഗ് സ്ഥാനത്തേക്ക് ബിസിസിഐ സെലക്ടർമാർ നോക്കി കാണുന്ന പേരായിരിക്കും മാലേവറിന്റെ. സ്ഥിരതയുള്ള പ്രകടനവും 2025-26 സീസണിലെ മികവും നോക്കിയാൽ, ഇന്ത്യൻ ടെസ്റ്റ് സജ്ജീകരണത്തിലേക്കുള്ള ഒരു വിളി വളരെ അകലെയായിരിക്കില്ല.
Discussion about this post