2008 ലെ ഐപിഎല്ലിൽ ഹർഭജൻ സിംഗ് ശ്രീശാന്തിന്റെ മുഖത്ത് അടിച്ച കുപ്രസിദ്ധമായ ‘സ്ലാപ്പ് ഗേറ്റ്’ എന്ന സംഭവത്തിന് വീഡിയോ തെളിവുകൾ ഒന്നും ഇത്രയും നാളുകളായി ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി ആദ്യമായി ആ കുപ്രസിദ്ധ സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടതോടെ കാര്യങ്ങൾ ഒകെ ആകെ മാറി.
മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിന്റെ ‘ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ’ ആണ് ലളിത് മോഡി സംസാരിക്കുകയും അതിനിടയിൽ ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവിടുകയും ചെയ്തത്. ശ്രീശാന്തിനെ തല്ലിയതിന് ഹർഭജൻ കുറ്റക്കാരനാണെന്ന് വീഡിയോ വ്യക്തമായി കാണിക്കുന്നു എങ്കിലും മുൻ ഫാസ്റ്റ് ബൗളറുടെ ഭാര്യ ഭുവനേശ്വരി ശ്രീശാന്ത് ഇൻസ്റ്റാഗ്രാമിൽ മോദിയെയും ക്ലാർക്കിനെയും വിമർശിച്ചു. വളരെക്കാലമായി സൂക്ഷിച്ച ഒരു വീഡിയോ അനാവശ്യമായി തിരികെ കൊണ്ടുവന്ന് തങ്ങളുടെ കുടുംബത്തിന് വേദന വരുത്തിയതാണ് അവരെ ചൊടിപ്പിച്ചത്.
“@lalitkmodi, @michaelclarkeofficial നിങ്ങളുടെ കാര്യം ഓർക്കുമ്പോൾ ലജ്ജ തോനുന്നു. വിലകുറഞ്ഞ പബ്ലിസിറ്റിക്കും കാഴ്ചക്കാരെ കൂട്ടാനും വേണ്ടി 2008 ലെ സംഭവം വലിച്ചിഴയ്ക്കാൻ നോക്കിയാ നിങ്ങൾ മനുഷ്യരല്ല. ശ്രീശാന്തും ഹർഭജനും അന്നത്തെ സംഭവത്തിന് ശേഷം ഒരുപാട് മാറി. ഇപ്പോൾ സ്കൂളിൽ പോകുന്ന കുട്ടികളുടെ അച്ഛന്മാരായി, എന്നിട്ടും നിങ്ങൾ അവരെ പഴയ മുറിവിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നു. ഈ പ്രവർത്തി തികച്ചും വെറുപ്പുളവാക്കുന്നതും, ഹൃദയശൂന്യവും, മനുഷ്യത്വരഹിതവുമാണ്.”
രവിചന്ദ്രൻ അശ്വിനുമായുള്ള അടുത്തിടെ നടന്ന ഒരു സംഭാഷണത്തിൽ , ശ്രീശാന്തിനെ തല്ലിയതിനെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടങ്ങളിൽ ഒന്നെന്ന് ഹർഭജൻ വിശേഷിപ്പിച്ചിരുന്നു.
സ്ലാപ്പ്ഗേറ്റ് സംഭവത്തിന് മുൻ ഓഫ് സ്പിന്നറെ 11 മത്സരങ്ങളിൽ നിന്ന് വിലക്കുക ആയിരുന്നു.
Discussion about this post