കൊല്‍ക്കത്ത: പാക്കിസ്ഥാനെ തറപറ്റിച്ച് ഇന്ത്യക്ക് വീണ്ടും അഭിമാനജയം. ആറ് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. മഴ മൂലം 18 ഓവറായി ചുരുക്കിയ മത്സരത്തില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 55 റണ്‍സുമായി പുറത്താവാതെ നിന്ന് വിരാട് കോഹ്‌ലിയാണ് കളിയിലെ താരം.
ഒരു സമയത്ത് 23ന് മൂന്നു വിക്കറ്റ് എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ടിരുന്ന ഇന്ത്യയെ കൊഹ്ലിയാണ് കരകയറ്റിയത്. രോഹിത്(10), ധവാന്‍(6), റെയ്‌ന(0) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ മുന്‍നിരയുടെ പ്രകടനം. തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റ് വീഴ്ത്തി മുഹമ്മദ് സമിയാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്. എന്നാല്‍ കോഹ്‌ലിക്കൊപ്പം യുവരാജിന്റെ പരിചയസമ്പത്തു കൂടി ചേര്‍ന്നതോടെ മത്സരം ഇന്ത്യയ്‌ക്കൊപ്ം നിന്നു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. യുവരാജ് 23 പന്തില്‍നിന്ന് 24 റണ്‍സ് നേടി പുറത്തായി. തുടര്‍ന്നെത്തിയ നായകന്‍ ധോണി കോഹ്‌ലിക്കു സ്‌ട്രൈക്കു കൈമാറി ഉറച്ചുനിന്നു. ഒടുവില്‍ മുഹമ്മദ് ആമിറിനെ കൂറ്റന്‍ സിക്‌സറിനു പറത്തി ധോണി (13*) ഈഡനില്‍ ഇന്ത്യന്‍ ജയവുമുറപ്പിച്ചു.
നേരത്തെ, ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് നേടി. ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് പാക്കിസ്ഥാനെ 118ല്‍ ഒതുക്കിയത്. മഴയെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകി ആരംഭിച്ച മത്സരം 18 ഓവറായി വെട്ടിച്ചുരുക്കിയിരുന്നു. 26 റണ്‍സ് നേടിയ ഷോയബ് മാലിക്കാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. അഹമ്മദ് ഷെഹ്‌സാദ് (25), ഉമര്‍ അക്മല്‍ (22), ഷര്‍ജീല്‍ ഖാന്‍(17) എന്നിവരും പാക് സ്‌കോറിലേക്കു തങ്ങളുടേതായ സംഭാവന നല്‍കി. ഇന്ത്യക്കായി ആശിഷ് നെഹ്‌റ, ബൂംറ, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
Discussion about this post