ന്യൂയോർക്ക് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് അമേരിക്കൻ വിദേശകാര്യ വിദഗ്ധനും ന്യൂയോർക്ക് സർവകലാശാല പ്രൊഫസറുമായ എഡ്വേർഡ് പ്രൈസ്. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ താരിഫ് നടപടികൾക്ക് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബുദ്ധിപൂർവ്വം ആണ് പ്രവർത്തിച്ചതെന്ന് എഡ്വേർഡ് പ്രൈസ് അഭിപ്രായപ്പെട്ടു. മോദി വളരെ വിവേകത്തോടെ നടപടികൾ സ്വീകരിക്കുന്നത് ഇന്ത്യയ്ക്ക് ഗുണകരമായി മാറും എന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ഡൊണാൾഡ് ട്രംപിനെ എഡ്വേർഡ് പ്രൈസ് രൂക്ഷമായി വിമർശിച്ചു. “സ്വന്തം വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടി രാജ്യത്തെ കരുവാക്കുന്നു. അദ്ദേഹത്തിന് ഇപ്പോൾ അമേരിക്കയിൽ തന്നെ നിലനിൽപ്പില്ലാതായി. എല്ലാ ഭാഗങ്ങളിൽ നിന്നും രൂക്ഷ വിമർശനമാണ് ട്രംപിനെതിരെ ഉയരുന്നത്. ഇന്ത്യക്കെതിരെ അധിക തീരുവ ചുമത്താൻ ഉള്ള തീരുമാനം യുഎസിൽ തന്നെ വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇപ്പോൾ എസ്‌സിഒ യോഗത്തിൽ പ്രധാനമന്ത്രി മോദിയും ഷി ജിൻപിങ്ങും വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നു” എന്നും എഡ്വേർഡ് പ്രൈസ് അഭിപ്രായപ്പെട്ടു.
റഷ്യയുടെ സ്വാധീനത്തെ സോവിയറ്റ് യൂണിയന്റെ സ്വാധീനത്തിന് സമാനമാക്കാൻ ആണ് ഇപ്പോൾ പുടിൻ ശ്രമിക്കുന്നത് എന്നും എഡ്വേർഡ് പ്രൈസ് സൂചിപ്പിച്ചു. “എന്നാൽ റഷ്യയെക്കാൾ ഇന്ന് ആഗോളതലത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നത് ചൈനയാണ്. അതേസമയം ഇന്ത്യ സ്വതന്ത്ര പരമാധികാര രാജ്യമായതിനാലും, സ്വന്തമായി ഒരു നാഗരികതയുള്ളതിനാലും, ചൈനയുടെ സ്വാധീനത്തിന്റെ ഭാഗമാകാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാണ്. ഇന്ത്യ പൂർണ്ണമായും ചൈനയുടെയും റഷ്യയുടെയും പക്ഷത്തേക്ക് പോകില്ല. അതുകൊണ്ടാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയുടെ സൈനിക പരേഡിൽ പങ്കെടുക്കാതിരുന്നത്. അമേരിക്കയ്ക്ക് മുൻപിൽ മോദി വെച്ച ഒരു ഓപ്ഷൻ കൂടിയാണ് അത്. ട്രംപിന് വേണമെങ്കിൽ അത് മനസ്സിലാക്കാം ” എന്നും എഡ്വേർഡ് പ്രൈസ് വ്യക്തമാക്കി.









Discussion about this post