ചില കളിക്കാരുണ്ട്, അവരുടേതായ വലിയ തെറ്റുകളൊന്നുമില്ലാതെ അവർ ടീമിൽ നിന്ന് അപ്രത്യക്ഷരാകുന്നു. വർഷങ്ങളായി, അവരെ കുറിച്ച് ചർച്ചകൾ ഒകെ നടക്കാറുണ്ട്. പേസർ ഭുവനേശ്വർ കുമാർ അത്തരത്തിൽ ഒരു താരമാണ്. ക്രിക്കറ്റ് സർക്കിളുകളിൽ ഭുവി എന്ന പേരിൽ അറിയപ്പെടുന്ന താരം 2022 ലാണ് ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ചത്.
ദൈനിക് ജാഗ്രന് നൽകിയ അഭിമുഖത്തിൽ, തന്റെ കുറഞ്ഞുവരുന്ന അവസരങ്ങളെക്കുറിച്ചും തിരിച്ചുവരവ് തന്റെ കൈയിലല്ലെന്നും ഭുവനേശ്വർ കുമാർ തുറന്നു പറഞ്ഞു. “സെലക്ടർമാർക്ക് മാത്രമേ അതിന് ഉത്തരം നൽകാൻ കഴിയൂ” ഭുവനേശ്വർ പറഞ്ഞു. ഈ നാളുകളിൽ ഒകെ മികവ് കാണിച്ചിട്ടും താരത്തിന്റെ പേര് പോലും സെലക്ടർമാർ മറന്നുപോകുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
“എന്റെ ജോലി ഫീൽഡിൽ 100 ശതമാനം നൽകുക എന്നതാണ്, ഞാൻ അത് ചെയ്യുന്നു. യുപി ലീഗിന് ശേഷം മുഷ്താഖ് അലി, രഞ്ജി, അല്ലെങ്കിൽ ഏകദിന ഫോർമാറ്റുകളിൽ ഉത്തർപ്രദേശിനായി കളിക്കാൻ എനിക്ക് അവസരം ലഭിച്ചാൽ, അവിടെയും എന്റെ പരമാവധി ഞാൻ നൽകും,” അദ്ദേഹം കൂട്ടിച്ചേർത്തു. “ഒരു അച്ചടക്കമുള്ള ബൗളർ എന്ന നിലയിൽ, എന്റെ ശ്രദ്ധ ഫിറ്റ്നസിലും മികച്ച ലൈനും ലെങ്തും എറിയുക എന്നാണ്. നിങ്ങൾ എത്ര മികച്ച പ്രകടനം കാഴ്ചവച്ചാലും, ചിലപ്പോൾ ഭാഗ്യം നിങ്ങളെ അനുകൂലിക്കില്ല.” ഭുവി പറഞ്ഞ് നിർത്തി.
പക്ഷേ, രാജീവ് ശുക്ല ബിസിസിഐ പ്രസിഡന്റായതോടെ തന്റെ ശ്രമങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്ന് ഭുവിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. “നിങ്ങളുടെ പ്രകടനം പരമപ്രധാനമാണ്. സ്ഥിരമായി നല്ല ക്രിക്കറ്റ് കളിക്കുന്ന ഒരാളെ അധികകാലം അവഗണിക്കാൻ കഴിയില്ല. നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും, നിങ്ങളുടെ 100 ശതമാനവും നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബാക്കിയുള്ള കാര്യങ്ങൾ സെലക്ടർമാരുടെ കാര്യമാണ്. രാജീവ് ശുക്ല പ്രസിഡന്റായതോടെ, കഴിവുകളെ അവഗണിക്കാൻ പ്രയാസമായിരിക്കും.”
35 കാരനായ ഭുവി ഐപിഎൽ 2025 ൽ മികച്ച പ്രകടനം കാഴ്ചവച്ചു, ആർസിബിയുടെ കന്നി ട്രോഫി യാത്രയിൽ നിർണായക പങ്ക് വഹിച്ചു. 14 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയിരുന്നു.
Discussion about this post