2008-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർസിബി) തമ്മിലുള്ള ഐപിഎൽ ഉദ്ഘാടന മത്സരത്തിനിടെ എല്ലാ സംപ്രേഷണ നിയമങ്ങളും ലംഘിച്ചുവെന്ന് മുൻ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചെയർമാൻ ലളിത് മോദി വെളിപ്പെടുത്തി. ആദ്യ മത്സരത്തിന്റെ കാഴ്ചക്കാരുടെ എണ്ണത്തെക്കുറിച്ച് തനിക്ക് ആശങ്ക ഉണ്ടായിരുന്നു എന്നും, ഗെയിം എല്ലായിടത്തും ലഭ്യമാക്കുന്നതിനായി അന്നത്തെ ഔദ്യോഗിക സംപ്രേക്ഷകനായ സോണിയുമായുള്ള എക്സ്ക്ലൂസീവ് കരാർ ലംഘിച്ചുവെന്നും മോദി പറഞ്ഞു.
താൻ ഒരു നിർണായക സാഹചര്യത്തിലായിരുന്നുവെന്നും, അതുകൊണ്ടാണ് റൂൾ ബുക്കിലെ ചില നിയമങ്ങൾ ലംഘിക്കാൻ നിർബന്ധിതനായതെന്നും മോദി പറഞ്ഞു. “എല്ലാം, എല്ലാം ആ ഒരു ഗെയിമിനെ ആശ്രയിച്ചിരുന്നു. അന്ന് പുസ്തകത്തിലെ എല്ലാ നിയമങ്ങളും ഞാൻ ലംഘിച്ചു. സോണിയുമായുള്ള ഒരു എക്സ്ക്ലൂസീവ് കരാറിൽ ഞാൻ ഒപ്പുവച്ചു, പക്ഷേ സോണിക്ക് അപ്പോൾ റീച്ച് ഇല്ലായിരുന്നു. സിഗ്നൽ തുറക്കാൻ ഞാൻ പറഞ്ഞു. എല്ലാ പ്രക്ഷേപകരോടും, നിങ്ങളെല്ലാവരും, എല്ലാ വാർത്താ ചാനലുകളും മത്സരം ലൈവ് ചെയ്യൂ എന്ന് ഞാൻ പറഞ്ഞു,” അടുത്തിടെ നടന്ന ഒരു പോഡ്‌കാസ്റ്റിനിടെ ലളിത് മൈക്കൽ ക്ലാർക്കിനോട് പറഞ്ഞു.
“സോണി ആകട്ടെ എനിക്ക് എതിരെ കേസ് കൊടുക്കും എന്നാണ് പറഞ്ഞത്. കേസ് ഒകെ അവർ കൊടുക്കട്ടെ ആദ്യ ഗെയിം എല്ലാവരും കാണണമെന്ന് എനിക്ക് വാശിയായിരുന്നു. ആദ്യ ഗെയിം പരാജയപ്പെട്ടിരുന്നെങ്കിൽ, ഞാൻ മരിച്ചുപോയേനെ.” അദ്ദേഹം പറഞ്ഞു നിർത്തി. മത്സരം അന്ന് സോണിയിൽ ആണ് കൂടുതൽ ആളുകൾ കണ്ടത് എങ്കിലും മറ്റുള്ള ചാനലിൽ പലരും ലൈവ് ചെയ്തത് സോണിക്ക് തിരിച്ചടിയായി.
അതേസമയം, ബിസിസിഐയും മോദിയും തമ്മിലുള്ള ബന്ധം ഇതോടെ മോശമായി. ഇത് നിയമപരമായ തർക്കങ്ങളിലേക്ക് നയിച്ചു. 2009 മാർച്ചിൽ, സോണി എന്റർടൈൻമെന്റ് ടെലിവിഷനും (മൾട്ടി സ്‌ക്രീൻ മീഡിയ, എംഎസ്എം) വേൾഡ് സ്‌പോർട്‌സ് ഗ്രൂപ്പും (ഡബ്ല്യുഎസ്ജി,) കരാർ ലംഘനം നടത്തിയതായി ബിസിസിഐ ആരോപിച്ച് കരാർ അവസാനിപ്പിച്ചു. എന്നിരുന്നാലും, മോദി കരാർ വീണ്ടും ചർച്ച നടത്തി, അവിടെ സോണി/എംഎസ്എം 2017 വരെ ഏകദേശം 1.63 ബില്യൺ യുഎസ് ഡോളറിന് (ഏകദേശം 8,200 കോടി രൂപ) റൈറ്റ്സ് തിരിച്ചുപിടിച്ചു.
Discussion about this post