ഇന്ത്യൻ യുവതാരം സർഫറാസ് ഖാൻ ദേശീയ ടീമിലേക്ക് തിരിച്ചുവരവിനായി കഠിനാധ്വാനം ചെയ്യുകയാണ്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സർഫ്രാസിന് ഇതുവരെ ടീമിൽ സ്ഥിരമായ ഒരു ഇടം നേടാൻ സാധിച്ചിട്ടില്ല. ടീമിൽ ഇടം നല്കാൻ സെലക്ടർമാർ വിമുഖത കാണിക്കുന്നതിന് പിന്നിലെ ഒരു കാരണമായി സർഫറാസിന്റെ ഭാരവും ഫിറ്റ്നസും പലരും പറയാറുണ്ട്. അടുത്തിടെ അദ്ദേഹം 17 കിലോഗ്രാം ഭാരം കുറച്ചു, തന്റെ കരിയറിനെ എത്രത്തോളം ഗൗരവമായി കാണുന്നു എന്ന് കാണിച്ചിരുന്നു. ഇനി അമിതഭാരത്തിന്റെ പേരിൽ തന്നെ ടീമിൽ എടുക്കാതെ ഇരിക്കേണ്ട എന്നാണ് താരം പറയാതെ പറഞ്ഞത്. എന്നിരുന്നാലും, തന്റെ കഴിവ് തെളിയിക്കാൻ സർഫറാസ് ശരീരഭാരം കുറക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്നാണ് ക്രിസ് ഗെയ്‌ൽ പറയുന്നത്.
ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിലെ ഒരു ചാറ്റിൽ, സർഫറാസിന്റെ ഭാരം സംബന്ധിച്ച ചർച്ചകൾ എന്തുതന്നെയായാലും, അദ്ദേഹം തീർച്ചയായും ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉണ്ടാകണമെന്ന് ഗെയ്ൽ പറഞ്ഞു.
“അദ്ദേഹം ടെസ്റ്റ് ടീമിലുണ്ടാകണം. കുറഞ്ഞത് ടെസ്റ്റ് ടീമിലെങ്കിലും അദ്ദേഹം ഉണ്ടായിരിക്കണം. ന്യൂസിലൻഡിനെതിരെ സ്വന്തം മണ്ണിൽ നടന്ന പരമ്പരയിൽ അവൻ സെഞ്ച്വറി നേടിയിരുന്നു. അവൻ ഭാരം കുറച്ചത് സംബന്ധിച്ച് ചില പോസ്റ്റുകൾ കണ്ടു. എന്നാൽ അവന് അമിതഭാരം ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല. അന്നും ഇന്നും അവൻ റൺ നേടുന്നുണ്ടായിരുന്നു” ഗെയ്ൽ പറഞ്ഞു.
ഓസ്‌ട്രേലിയൻ പര്യടനത്തിലാണ് സർഫറാസ് അവസാനമായി ഇന്ത്യൻ ടീമിൽ ഇടം നേടിയത്, അവിടെ അദ്ദേഹത്തിന് മികച്ച ഫോം പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ല. എന്നാൽ, മറ്റ് മിക്ക ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെയും കാര്യവും ഇതുതന്നെയായിരുന്നു. പിന്നീട് ഇംഗ്ലണ്ട് പര്യടനത്തിൽ സർഫറാസിനെ ഒഴിവാക്കിയിരുന്നു.
“ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അവൻ ട്രിപ്പിൾ സെഞ്ച്വറികൾ നേടി. അതിനാൽ ഭാരം പറഞ്ഞ് അവനെ ഒഴിവാക്കുന്നത് ശരിയല്ല. ആ ചെറുപ്പക്കാരൻ 100% ടീമിന്റെ ഭാഗമാകേണ്ടതായിരുന്നു. ഇന്ത്യക്ക് കഴിവുള്ള ഒരുപാട് താരങ്ങൾ ഉണ്ടെന്ന് അറിയാം. എന്നാൽ സർഫ്രാസിന് ഒരു അവസരം നൽകുക” ഗെയ്ൽ കൂട്ടിച്ചേർത്തു.
Discussion about this post