2025-ൽ യുഎഇക്കെതിരായ ഇന്ത്യയുടെ ഏഷ്യാ കപ്പ് ഓപ്പണർ മത്സരത്തിന് തൊട്ടുമുമ്പ്, ദുബായിലെ ഐസിസി അക്കാദമിയിൽ എല്ലാവരെയും അമ്പരപ്പിച്ചത് അഭിഷേക് ശർമ്മയായിരുന്നു. യുവ ഇടംകൈയ്യൻ പരിശീലന സെക്ഷനിൽ ഓപ്പണർ വമ്പനടികൾ കൊണ്ട് ഗ്രൗണ്ടിന്റെ നാലുപാടും ബോളർമാരെ തല്ലി ഒതുക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഒരു മണിക്കൂറിനുള്ളിൽ, അഭിഷേക് 30 സിക്സ് അടുത്ത് അടിച്ചു എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
ഹാൻഡ്- ഹൈ കോർഡിനേഷനും ഇഷ്ടാനുസരണം ബൗണ്ടറികൾ ക്ലിയർ ചെയ്യാനുള്ള ബാക്ക്‌ലിഫ്റ്റും താരത്തിന്റെ പ്രത്യേകതയാണ്. എതിരെ വരുന്നത് ഏത് പ്രമുഖ ബോളർ ആണെങ്കിലും അവരെ തല്ലിയോടിക്കുന്ന താരത്തിന്റെ മികവ് ഐപിഎല്ലിൽ ആരാധകർ കണ്ടിട്ടുള്ളതാണ്. ഇന്ത്യൻ ജേഴ്സിയിലും നമ്മൾ കണ്ടിട്ടുള്ള ആ മികവ് അതിന്റെ ഏറ്റവും ഡോസ് കൂട്ടിയാകും ഏഷ്യാ കപ്പിൽ കാണുക എന്ന സൂചനയാണ് താരം നൽകുന്നത്.
വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും പരിശീലനത്തിൽ ശ്രദ്ധാകേന്ദ്രമായി. ന്യൂ ബോളിൽ നന്നായി കളിച്ച താരം ഒരു പ്രാദേശിക നെറ്റ് ബോളറുടെ മുന്നിൽ ബൗൾഡ് ആയി മടങ്ങിയ കാഴ്ചയും കാണാൻ സാധിച്ചു. ഇന്ന് അഭിഷേക്- ഗിൽ സഖ്യം തന്നെയാകും ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങുക. അഭിഷേകിന്റെ തകർപ്പനടിയും ഗില്ലിന്റെ ക്ലാസ് ബാറ്റിംഗ് കൂടി ചേരുമ്പോൾ റൺമഴ തന്നെയാണ് ടോപ് ഓർഡറിൽ നിന്ന് പ്രതീക്ഷിക്കുക.
ഇത് കൂടാതെ പരിശീലന സെക്ഷനിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആരാണെന്നുള്ള സൂചനയും കിട്ടിയിട്ടുണ്ട്. സഞ്ജു സാംസൺ ബ്രേക്ക് എടുത്തപ്പോൾ ജിതേഷ് ശർമ്മയാണ് കീപ്പിങ് ഗ്ലൗസ് അണിഞ്ഞത്. ഫീൽഡിങ് പരിശീലകൻ ദിലീപ് താരത്തിനുള്ള നിർദ്ദേശം നൽകുന്നുണ്ടായിരുന്നു.
Discussion about this post