2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യ ക്രിക്കറ്റ് ടീം ആധിപത്യം സ്ഥാപിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ അഭിപ്രായപ്പെട്ടു. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യുഎഇ, ഹോങ്കോംഗ്, ഒമാൻ എന്നീ ടീമുകൾ പങ്കെടുക്കുന്ന 8 രാജ്യങ്ങളുടെ ടൂർണമെന്റ് ഇന്നലെ ആരംഭിച്ചു. ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് യുഎഇക്കെതിരെയാണ് നടക്കുക. ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുമ്പ്, ഏഷ്യാ കപ്പിലെ ഒരേയൊരു അത്ഭുതകരമായ ഘടകം ഇന്ത്യയെ ഏതെങ്കിലും ഒരു ടീം തോൽപ്പിക്കുക എന്നത് മാത്രമായിരിക്കും എന്നും അശ്വിൻ പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിൽ, ഏഷ്യാ കപ്പ് വിപുലീകരിച്ച് ദക്ഷിണാഫ്രിക്കയെ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ ഇന്ത്യ എയെ കൂടി ഉൾപ്പെടുത്തുകയോ ചെയ്യണമെന്ന് അശ്വിൻ പറഞ്ഞു. ഇന്ത്യയുടെ ശക്തിയുമായി ഒരു ടീമിനും കിടപിടിക്കാൻ കഴിയില്ലെന്ന് മുൻ ഇന്ത്യൻ സ്പിന്നർ അവകാശപ്പെട്ടു, അതേസമയം മറ്റ് ടീമുകളുടെ നിരവധി ബലഹീനതകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സ്പിന്നർമാർ മാത്രം വിചാരിച്ചാൽ മതി എതിരാളികൾ തീരുമെന്ന് അശ്വിൻ പറഞ്ഞു.
“ടൂർണമെന്റ് മത്സരക്ഷമമാക്കാൻ ദക്ഷിണാഫ്രിക്കയെ ഉൾപ്പെടുത്താനും അതിനെ ഒരു ആഫ്രോ-ഏഷ്യ കപ്പ് ആക്കാനും ശ്രമിക്കണം. അവർ ഇന്ത്യ എ ടീമിനെ കൂടി ഉൾപ്പെടുത്തണം. അപ്പോൾ ടൂർണമെന്റ് ആവേശകരമാകും” അശ്വിൻ പറഞ്ഞു.
2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയുടെ യഥാർത്ഥ വെല്ലുവിളി, സെപ്റ്റംബർ 14 ന് നടക്കുന്ന ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം തന്നെയാകും.
Discussion about this post