ന്യൂയോർക്ക് : പാകിസ്താൻ ജീവിക്കാൻ സുരക്ഷിതമല്ലെന്നാണ് ഉന്നത സൈനിക നേതാക്കളുടെ കുടുംബങ്ങൾ പോലും വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ എന്നെന്നേക്കുമായി രാജ്യം വിട്ടിരിക്കുകയാണ് പാകിസ്താൻ സൈനിക മേധാവി അസിം മുനീറിന്റെ ഭാര്യയും കുടുംബവും. മെയ് ആദ്യവാരം നടന്ന ഓപ്പറേഷൻ സിന്ദൂറിന് ശേഷം വൈകാതെ തന്നെ അമേരിക്കയിലേക്ക് കുടിയേറിയ സയ്യിദ ഇറാം ഇപ്പോൾ അമേരിക്കൻ പൗരത്വവും സ്വന്തമാക്കി.
ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുകയും പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിക്കുകയും ചെയ്തപ്പോൾ, പാകിസ്താനിലെ നിരവധി ഉന്നതർ അവരുടെ കുടുംബങ്ങളെ രാജ്യത്ത് നിന്ന് മാറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫീൽഡ് മാർഷൽ അസിം മുനീർ പോലും തന്റെ ഭാര്യയെയും കുടുംബത്തെയും അമേരിക്കയിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് ജൂൺ ആദ്യവാരത്തിൽ അമേരിക്കൻ പൗരത്വത്തിന് അപേക്ഷിച്ച സയ്യിദ ഇറാമിന് വെറും മൂന്നുമാസത്തിനുള്ളിൽ തന്നെ പൗരത്വം ലഭിക്കുകയും ചെയ്തു എന്നുള്ളതും ശ്രദ്ധേയമാണ്. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പാകിസ്താനിലെ ബിസിനസിന് എല്ലാ സഹായങ്ങളും നൽകുന്നതിന് അസിം മുനീറിന് നൽകിയ സമ്മാനമാണ് യുഎസ് അദ്ദേഹത്തിന്റെ ഭാര്യക്ക് നൽകിയ പൗരത്വം എന്നാണ് പറയപ്പെടുന്നത്.
പാകിസ്താനിലെ സൈനിക മേധാവികൾ വിരമിച്ച ശേഷം അവരുടെ രാജ്യം വിടുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. അഷ്ഫാഖ് കയാനി, റാഹിൽ ഷെരീഫ് തുടങ്ങി സ്ഥാനമൊഴിയുന്ന സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വ വരെ പാകിസ്താൻ വിട്ട് വിവിധ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി. പാകിസ്താനിലെ അരക്ഷിതാവസ്ഥയും ദാരിദ്ര്യവും അവികസനവും ആണ് സമ്പന്നരായവരെ രാജ്യംവിട്ട് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയിട്ട് വർഷങ്ങളായി. പ്രതിപക്ഷത്തെ മറിയം നവാസ് മുതൽ ബിലാവൽ ഭൂട്ടോ വരെയുള്ള പ്രധാന നേതാക്കൾക്കെല്ലാം തന്നെ ബ്രിട്ടീഷ് പൗരത്വമുണ്ട്. രാഷ്ട്രീയത്തിനും സ്ഥാനമാനങ്ങൾക്കും മാത്രം പാകിസ്താനിൽ നിൽക്കുകയും അഴിമതികളിലൂടെ വലിയ സമ്പത്ത് സമ്പാദിച്ച് വിദേശത്തേക്ക് കുടിയേറുന്നതും ആണ് ഇപ്പോൾ പാകിസ്താൻ രാഷ്ട്രീയ നേതാക്കൾ തുടർന്നു വരുന്ന രീതി.
Discussion about this post