63 മത്സരങ്ങളിൽ നിന്ന് 99 വിക്കറ്റുകൾ നേടിയ അർഷ്ദീപ് സിംഗ് ഇന്ത്യയുടെ ഏറ്റവും വിജയകരമായ ടി20 ബൗളറാണ്, എന്നിട്ടും യുഎഇക്ക് എതിരായ ടി 20 മത്സരത്തിൽ താരത്തെ ടീം തിരഞ്ഞെടുത്തില്ല
യുഎഇക്കെതിരായ വിജയത്തോടെയാണ് ഇന്ത്യ ഏഷ്യാ കപ്പ് 2025 സീസണിന് തുടക്കമിട്ടത്. എന്നാൽ അർഷ്ദീപ് സിംഗ് പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്തായത് എല്ലാവരെയും അത്ഭുതപ്പെടുത്തി. ടി20യിൽ ഇതിനകം 99 വിക്കറ്റുകൾ നേടിയിട്ടുള്ള ഇടംകൈയ്യൻ പേസർ, ഫോർമാറ്റിൽ 100 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബൗളറാകാൻ ഒരു വിക്കറ്റ് മാത്രം അകലെയാണ്. പകരം ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർക്കൊപ്പം ശിവം ദുബെ മൂന്നാമത്തെ സീമർ ആയി ഇറങ്ങിയതോടെ അർശ്ദീപിന് അവസരം കിട്ടാതെയായി. എന്തായാലും ഗൗതം ഗംഭീറിന്റെ അർശ്ദീപുമായി ബന്ധപ്പെട്ട തന്ത്രങ്ങളെ ചോദ്യം ചെയ്ത് രവിചന്ദ്രൻ അശ്വിൻ രംഗത്ത് വന്നിരിക്കുകയാണ്.
അശ്വിൻ പറഞ്ഞത് ഇങ്ങനെ:
“ശിവം ദുബെ ഇന്ത്യയുടെ മൂന്നാമത്തെ സീമർ എങ്ങനെയാകും?. ഇത് ശിവം ദുബെയെക്കുറിച്ചല്ല. നിരയിൽ ഒരു ഗുണനിലവാരമുള്ള ബൗളർ ഉണ്ടായിരിക്കുന്നതിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. ടി20യിൽ ബാറ്റിംഗ് ഡെപ്ത് പ്രധാനമാണെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷെ നിങ്ങൾ മിച്ചൽ സ്റ്റാർക്ക്, കാഗിസോ റബാഡ, ആദിൽ റാഷിദ്, ജോഫ്ര ആർച്ചർ എന്നിവരെ നോക്കൂ, അവരെല്ലാം അത്യാവശ്യം ബാറ്റും ചെയ്യും. വാസ്തവത്തിൽ, ഇവരുടെ ടീമുകൾ ഈ ബോളർമാർക്ക് നല്ല ബാറ്റിംഗ് പരിശീലനം നൽകുന്നത്. എന്നാൽ ഇന്ത്യയിൽ മാത്രമാണ് നമ്മൾ ബാറ്റ് ചെയ്യുന്ന താരങ്ങളെ പന്തെറിയാൻ ആശ്രയിക്കുന്നത്. ആ കാര്യം മാറണം.”
ബാറ്റ്‌സ്മാൻമാരെ ബോളർമാരായി കാണുന്നതിന് പകരം ബോളർമാരെ ബാറ്റ് ചെയ്യാൻ പഠിപ്പിക്കണം. ഗംഭീർ ആ കാര്യം ശ്രദ്ധിക്കണം എന്നും അശ്വിൻ പറഞ്ഞു. കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ് തുടങ്ങിയ കളിക്കാർക്ക് കഴിവുകളുണ്ട്. “അർഷ്ദീപ് സിംഗ് ബാറ്റ് ചെയ്യാൻ കഴിവുള്ള കളിക്കാരനാണെന്ന് തെളിയിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ ബാറ്റിംഗ് മികവ് തെളിയിച്ചിട്ടുണ്ട്,” അശ്വിൻ പറഞ്ഞു. “അർഷ്ദീപ് ടീമിലേക്ക് വരണം… അദ്ദേഹം നല്ല ഫോമിലാണ്. അവൻ മികച്ച രീതിയിൽ ബൗൾ ചെയ്യുന്നു. ഇത്രയും മനോഹരമായ വർഷങ്ങൾ അദ്ദേഹത്തിന് ഇനി കിട്ടില്ല” അശ്വിൻ കൂട്ടിച്ചേർത്തു.
Discussion about this post