വാഷിങ്ടണ്‍ : ബരാക് ഒബാമ ക്യൂബ സന്ദര്‍ശനത്തിനൊരുങ്ങുന്നു.മാര്‍ച്ച് 21,22 തിയ്യതികളിലാണ് ഒബാമ ക്യൂബ സന്ദര്‍ശിക്കുന്നത്. ട്വിറ്ററിലൂടെയാണ് തന്റെ സന്ദര്‍ശനത്തിന്റെ കാര്യം പ്രസിഡന്റ് അറിയിച്ചത്.14 മാസം മുന്‍പ് തന്നെ താന്‍ ക്യൂബ സന്ദര്‍ശനം പദ്ധതിയിലുള്പ്പെടുത്തിയിരുന്നുവെന്നും എക്കാലത്തേക്കാളുമേറെ കഴിഞ്ഞ 50 വര്‍ഷങ്ങളായി ഒരു പാട് അമേരിക്കക്കാര്‍ ക്യൂബ സന്ദര്‍ശിക്കുന്നുണ്ടെന്നും ഒബാമ ട്വിറ്ററില്‍ കുറിച്ചു.
88 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ക്യൂബ സന്ദര്‍ശനത്തിനൊരുങ്ങുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലൂടെയുളള പര്യടനത്തിന്റെ ഭാഗമായാണ് ബരാക് ഒബാമ ക്യൂബ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.1928 ല്‍ കാല്വിന് കോളിഡ്ജാണ് ഇതിന് മുന്‍പ് ക്യൂബ സന്ദര്‍ശിച്ച യു.എസ്. പ്രസിഡന്റ്. ക്യൂബയുമായുളള നയതന്ത്ര ബന്ധം ശക്തമാക്കുക എന്നതാകും സന്ദര്‍ശനത്തിന്റെ ഒരു മുഖ്യ ലക്ഷ്യം.
പതിറ്റാണ്ടുകള്‍ നീണ്ട ശീതയുദ്ധത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് അമേരിക്കയും ക്യൂബയും തമ്മിലുളള നയതന്ത്രബന്ധം പുനസ്ഥാപിക്കപ്പെട്ടത്. ഫ്രാന്‍സിസ് മാര്‍പ്പയുടെ മധ്യസ്ഥതയിലായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുളള തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കിയത്. തുടര്‍ന്ന് വാഷിങ്ടണിലും ഹവാനയിലും എംബസികള്‍ വീണ്ടും തുറന്നു.ക്യൂബന്‍ സര്‍ക്കാറുമായി അമേരിക്കന്‍ സര്‍ക്കാറിന് ഒരു പാട് വ്യത്യാസമുണ്ടെന്നും അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഒബാമ ട്വിറ്ററില്‍ കുറിച്ചു. ക്യൂബയിലെ ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്ക മുന്‍കൈ എടുക്കുമെന്നും ഒബാമ അറിയിച്ചു.
ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയുമായി ഒബാമ കൂടിക്കാഴ്ച്ച നടത്തുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഭാര്യ മിഷേലും ഒബാമയെ അനുഗമിക്കും. ഒബാമയുടെ ക്യൂബ സന്ദര്‍ശന പ്രഖ്യാപനത്തോട് വളരെ സ്വാഗതാര്‍ഹമായ രീതിയിലാണ് ക്യൂബയിലെ ഭരണാധികള്‍ പ്രതികരിച്ചത്.
Discussion about this post