ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിലേക്കാണ് ഇന്ന് ലോകത്തിന്റെ ശ്രദ്ധ മുഴുവൻ
ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിൽ പുതിയൊരു അദ്ധ്യായം രചിക്കപ്പെടുന്നത് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ഇന്ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഏഷ്യാ കപ്പിലെ ആറാം മത്സരത്തിൽ ഇന്ന് ബദ്ധശത്രുക്കളായ ടീമുകൾ തമ്മിൽ ഏറ്റുമുട്ടും. ഇപ്പോഴിതാ പാകിസ്ഥാൻ നിരയിലെ സ്പിന്നർമാരുടെ ബാഹുല്യം സൂര്യകുമാർ യാദവിനും കൂട്ടർക്കും പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
പാകിസ്ഥാൻ സാധാരണയായി ഭയാനകമായ പേസ്-ബൗളിംഗ് ആക്രമണത്തിന് പേരുകേട്ട ടീം ആണെങ്കിലും ഇന്നത്തെ മത്സരത്തിൽ ടീം ആശ്രയിക്കുന്നത് സ്പിന്നർമാരെയാണ്. “ഇന്ത്യ vs പാകിസ്ഥാൻ മത്സരം ആയതിനാൽ എനിക്ക് ഈ ബൗളിംഗ് കോമ്പിനേഷൻ ഇഷ്ടമാണ്, ഈ ആക്രമണം ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ നൽകുമെന്ന് ഞാൻ കരുതുന്നു,” മഞ്ജരേക്കർ പറഞ്ഞു.
“അവർ മുമ്പ് ലോക ടൂർണമെന്റുകളിൽ പാകിസ്ഥാനുമായി കളിച്ചിട്ടുണ്ട്, പക്ഷേ അതൊക്കെ പേസ് ആക്രമണത്തെ കൂടുതൽ ആശ്രയിക്കുന്ന പാക് ടീമിനെതിരെയാണ്. പക്ഷെ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യയ്‌ക്കെതിരെ ബാറ്റിംഗിൽ പാകിസ്ഥാൻ കൂടുതൽ ശ്രദ്ധിക്കണം. എന്നാൽ തന്റെ വിഭവങ്ങൾ പരമാവധി ഉപയോഗിച്ചതിന് മൈക്ക് ഹെസ്സണാണ് അഭിനന്ദനം അർഹിക്കുന്നത്. സായിം അയൂബ് മുമ്പ് പാകിസ്ഥാനു വേണ്ടി പന്തെറിഞ്ഞിട്ടില്ല, പക്ഷേ ഹെസ്സണിന് കീഴിൽ, അദ്ദേഹം പന്തെറിഞ്ഞിട്ടുണ്ട്. ഇത് ഒരു പുതിയ സമീപനം കാണിക്കുന്നു, പാകിസ്ഥാൻ വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കുന്നത് കാണുന്നത് സന്തോഷമാണ്” മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.
എന്തായാലും ഒമാനെതിരായ മത്സരത്തിന് സമാനമായ സ്പിൻ തന്ത്രം തന്നെയാകും പാകിസ്ഥാൻ ഇന്ന് ഒരുക്കുക.
Discussion about this post