ഇന്ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 2025 ഏഷ്യാ കപ്പ് മത്സരത്തിൽ വരുൺ ചക്രവർത്തിയും കുൽദീപ് യാദവും നിർണായക പങ്ക് വഹിക്കുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര പറഞ്ഞു. യുഎഇക്കെതിരായ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നേടിയിരുന്നു. അതേസമയം, കഴിഞ്ഞ വർഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയതിനുശേഷം ചക്രവർത്തി മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ താരം ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ താരങ്ങൾ പാകിസ്ഥാന് പണി കൊടുക്കുമെന്ന് ചോപ്ര പറഞ്ഞു. “ബൗളിംഗിന്റെ കാര്യത്തിൽ, ഇന്ത്യയുടെ രണ്ട് സ്പിന്നർമാരായ വരുൺ ചക്രവർത്തിക്കും കുൽദീപ് യാദവിനും മത്സരം നിയന്ത്രിക്കാനും വിക്കറ്റുകൾ നേടാനും കഴിയുമെന്ന് ഞാൻ കാണുന്നു. പരമ്പരാഗതമായി, പാകിസ്ഥാൻ ലെഗ് സ്പിന്നിനെതിരെ നന്നായി കളിച്ചിട്ടില്ല. ഇടംകൈയ്യൻ ലെഗ് സ്പിന്നായാലും വലംകൈയ്യൻ ലെഗ് സ്പിന്നായാലും അവർ ബുദ്ധിമുട്ടുന്നു. ആ എട്ട് ഓവറുകൾക്ക് ഈ മത്സരത്തെ തീരുമാനിക്കാനോ നിർവചിക്കാനോ കഴിയും,” ചോപ്ര ഇഎസ്പിഎൻക്രിൻഫോയിലൂടെ പറഞ്ഞു.
” പാകിസ്ഥാന്റെ ടോപ് ത്രിയേ പുറത്താക്കാനായാൽ ഈ മത്സരം ഇന്ത്യക്ക് അനുകൂലമാകും. ഇന്ത്യൻ സ്പിന്നർമാർക്ക് റെക്കോഡ് പരിഗണിക്കുമ്പോൾ അത് എളുപ്പത്തിൽ സാധിക്കും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.”
പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മികച്ച ഹെഡ്-ടു-ഹെഡ് റെക്കോർഡാണുള്ളത്, ഇതുവരെ കളിച്ച 13 ടി 20 മത്സരങ്ങളിൽ 10 എണ്ണത്തിലും അവർ വിജയിച്ചു. ഇന്ത്യയെപ്പോലെ, പാകിസ്ഥാനും ഒരു വിജയത്തിന്റെ പിൻബലത്തിലാണ് ഈ മത്സരത്തിലേക്ക് വരുന്നത്. സൂര്യകുമാർ യാദവും സംഘവും യുഎഇയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയപ്പോൾ, സൽമാൻ അലി ആഗയുടെ സംഘം ഒമാനെതിരെ 93 റൺസിന്റെ വിജയത്തോടെയാണ് തുടങ്ങിയത്. രണ്ട് മത്സരങ്ങളും ദുബായിലായിരുന്നു നടന്നത്.
Discussion about this post