ഗാനമേള ട്രൂപ്പ് ആംരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ഇതിനായി ജീവനക്കാരിൽ നിന്ന് എൻട്രി ക്ഷണിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് കെഎസ്ആർടിസി സ്വന്തമായി ഗാനമേള ട്രൂപ്പ് രൂപീകരിക്കാൻ ഒരുങ്ങുന്നത്.
ട്രൂപ്പിൽ അംഗമാകാൻ കെഎസ്ആർടിസി ജീവനക്കാർക്കൊപ്പം കുടുംബാംഗങ്ങൾക്കും അവസരം ലഭിക്കും. പാട്ടിലും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യമുള്ളവർക്ക് ട്രൂപ്പിൽ അംഗമാകാൻ അപേക്ഷ സമർപ്പിക്കാം. പ്രകടനങ്ങളുടെ വീഡിയോയും അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നും നിർദേശമുണ്ട്. കലാപ്രകടനങ്ങളുടെ 3 മിനിറ്റിൽ കുറയാത്തതും 5 മിനിറ്റിൽ കൂടാത്തതുമായ വീഡിയോയാണ് അപേക്ഷയോടൊപ്പം നൽകേണ്ടത്.
വീഡിയോയുടെ തുടക്കത്തിൽ പേര്, തസ്തിക, കുടുംബാംഗമാണെങ്കിൽ ജീവനക്കാരൻ/ ജീവനക്കാരിയുമായുള്ള ബന്ധം, ജോലി ചെയ്യുന്ന യൂണിറ്റ്, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തി സ്വയം പരിചയപ്പെടുത്തണം. പ്രാവീണ്യം തെളിയിച്ച സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അതും സമർപ്പിക്കണം. അവസാന തീയതി 25 ഉച്ചയ്ക്ക് 2 മണി. എൻട്രികൾ യൂണിറ്റ് ഓഫീസർ മുഖേനയാണ് ചീഫ് ഓഫീസിലേക്ക് നൽകേണ്ടത്. ksrtcexpo@gmail.com എന്ന ഇമെയിലിലും 9497001474 എന്ന വാട്‌സാപ്പ് നമ്പറിലും നൽകാവുന്നതാണ്. നിശ്ചിത മയത്തിനുശേഷം ലഭിക്കുന്ന എൻട്രികൾ പരിഗണിക്കില്ലെന്നും കെഎസ്ആർടിസി അറിയിച്ചു.
Discussion about this post