സെപ്റ്റംബർ 28 ന് നടക്കുന്ന 2025 ഏഷ്യാ കപ്പ് ഫൈനലിൽ വിജയിച്ചാൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പ്രസിഡന്റ് മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് വിജയിയുടെ ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ കളിക്കാർ വിസമ്മതിക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന നഖ്‌വി ആയിരിക്കും ഫൈനലിൽ മെഡലുകൾ സമ്മാനിക്കുക.
സെപ്റ്റംബർ 14 ന് നടന്ന ഇന്ത്യ – പാകിസ്ഥാൻ ഗ്രൂപ്പ് എ മത്സരത്തിനിടെയുണ്ടായ വിവാദ സംഭവത്തിന്റെ ബാക്കിയാണ് ഈ നീക്കം. ടോസിന് മുമ്പും ഇന്ത്യയുടെ ഏഴ് വിക്കറ്റ് വിജയത്തിനു ശേഷവും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും താരങ്ങളും പാകിസ്ഥാൻ ടീമുമായി ഹസ്തദാനം കൊടുക്കില്ല എന്ന് തീരുമാനിക്കുക ആയിരുന്നു. സാധാരണ ഏതൊരു ടീം ആണെങ്കിലും ജയിച്ചാലും തോറ്റാലും ചെയ്യുന്ന ഈ പ്രവർത്തി ഇന്ത്യ ചെയ്യാതിരുന്നതോടെ അത് ചർച്ചയായി.
മത്സരത്തിന് ശേഷം സംസാരിച്ചപ്പോൾ, സൂര്യകുമാർ വിജയം ഇന്ത്യൻ സായുധ സേനയ്ക്ക് സമർപ്പിക്കുകയും പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന് മറുപടിയായി, പിസിബി ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനും (എസിസി) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനും (ഐസിസി) ഔദ്യോഗിക പരാതി നൽകി. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിന് ഇന്ത്യ ഹസ്തദാനം നിഷേധിച്ചതിൽ പങ്കുണ്ടെന്ന് പിസിബി ആരോപിച്ചു. പൈക്രോഫ്റ്റിനെ പുറത്താക്കുന്നതുൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മത്സരങ്ങളിൽ നിന്ന് പിന്മാറുമെന്ന് പിസിബി ഭീഷണിപ്പെടുത്തി.
പ്രശ്നം ഉടനടി പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിന് പിസിബി അതിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ ഉസ്മാൻ വഹ്‌ലയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
Discussion about this post