വാഷിംഗ്ടൺ : ഇടതുപക്ഷ, ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനമായ ‘ആന്റിഫ’യെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആണ് ആന്റിഫയെ തീവ്ര ഭീകരവാദ സംഘടനയായി മുദ്രകുത്തുന്നതായി അറിയിച്ചത്. ട്രംപിന്റെ അടുത്ത അനുയായിയും വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനുമായ ചാർളി കിർക്കിന്റെ കൊലപാതകത്തിന് പിന്നാലെയാണ് നടപടി.
ആന്റിഫയ്ക്ക് ധനസഹായം നൽകുന്നവരെ കുറിച്ച് അന്വേഷിക്കുമെന്നും ട്രംപ് വ്യക്തമാക്കി. “ആന്റിഫയെ രോഗബാധിതവും അപകടകരവുമായ തീവ്ര ഇടതുപക്ഷ വിപത്തായ ഒരു പ്രധാന ഭീകര സംഘടനയായി ഞാൻ പ്രഖ്യാപിക്കുന്നു എന്ന വിവരം എല്ലാ അമേരിക്കൻ ദേശസ്നേഹികളെയും അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ആന്റിഫയ്ക്ക് ധനസഹായം നൽകുന്നവർ ഏറ്റവും ഉയർന്ന നിയമ മാനദണ്ഡങ്ങളും ചട്ടങ്ങളും അനുസരിച്ച് സമഗ്രമായ അന്വേഷണം നേരിടണമെന്നും ഞാൻ ശുപാർശ ചെയ്യുന്നു. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!” എന്നാണ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ ട്രംപ് വ്യക്തമാക്കിയത്.
ഫാസിസ്റ്റുകളെയും നവ-നാസികളെയും ചെറുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച ഒരു വികേന്ദ്രീകൃത പ്രസ്ഥാനമാണ് ‘ആന്റി ഫസിസ്റ്റ് ആക്ഷൻ’എന്ന ആന്റിഫ. വലതുപക്ഷ ഒത്തുചേരലുകളും റാലികളും തടസ്സപ്പെടുത്തുന്നതിനായി ആന്റിഫ ഗ്രൂപ്പുകൾ പലപ്പോഴും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാറുണ്ട്. സോഷ്യൽ മീഡിയ, എൻക്രിപ്റ്റ് ചെയ്ത പിയർ-ടു-പിയർ നെറ്റ്‌വർക്കുകൾ, സിഗ്നൽ പോലുള്ള സന്ദേശമയയ്ക്കൽ സേവനങ്ങൾ എന്നിവയിലൂടെ അവർ അവരുടെ പ്രവർത്തനങ്ങൾ നടത്തുന്നതായി പറയപ്പെടുന്നു. കഴിഞ്ഞ ആഴ്ച അമേരിക്കയിൽ ഒരു പൊതു ചടങ്ങിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട വലതുപക്ഷ നേതാവ് ചാർളി കിർക്ക് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർക്ക് അയച്ച അവസാന സന്ദേശത്തിൽ അക്രമത്തിന് പ്രേരിപ്പിക്കുന്ന പേരില്ലാത്ത ഇടതുപക്ഷ ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു.
Discussion about this post