ന്യൂഡൽഹി : വോട്ട് മോഷണ ആരോപണത്തിൽ പുതിയ പത്രസമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ലെന്ന സൂചനയാണ് രാഹുൽഗാന്ധിയുടെ പത്രസമ്മേളനം നൽകുന്നത്. കർണാടകയിലെ ആലന്ദ് മണ്ഡലത്തിൽ നിന്നും ആറായിരത്തിലേറെ വോട്ടുകൾ മോഷ്ടിക്കപ്പെട്ടു എന്ന ആരോപണമാണ് ഇത്തവണ രാഹുൽ ഗാന്ധി ഉയർത്തിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
വോട്ട് മോഷ്ടിക്കുന്നവർ ദലിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ എന്നിവരെ ആസൂത്രിതമായി ലക്ഷ്യം വച്ചിട്ടുണ്ടെന്നും അവരുടെ വോട്ടവകാശം നിഷേധിക്കുകയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.” കർണാടകയിലെ ആലന്ദിൽ ഒരു ബൂത്ത് ലെവൽ ഓഫീസർ തന്റെ അമ്മാവന്റെ വോട്ട് ഇല്ലാതാക്കിയതായി ശ്രദ്ധിച്ചു. തന്റെ അമ്മാവന്റെ വോട്ട് ആരാണ് ഇല്ലാതാക്കിയതെന്ന് അദ്ദേഹം അന്വേഷിച്ചപ്പോൾ അത് ഒരു അയൽക്കാരനാണെന്ന് കണ്ടെത്തി. അദ്ദേഹം തന്റെ അയൽക്കാരനോട് ചോദിച്ചു, പക്ഷേ അവർ ഒരു വോട്ടും ഇല്ലാതാക്കിയിട്ടില്ലെന്ന് പറഞ്ഞു. മറ്റേതോ ശക്തിയാണ് പ്രക്രിയ ഹൈജാക്ക് ചെയ്ത് വോട്ടുകൾ ഇല്ലാതാക്കിയത്. ഒടുവിൽ ഞങ്ങൾ അത് കണ്ടെത്തി വോട്ടുകൾ ഇല്ലാതാക്കിയത് ഒരു വ്യക്തിയല്ല, മറിച്ച് ഒരു കേന്ദ്രീകൃത സോഫ്റ്റ്‌വെയറാണ് അത് ചെയ്തത്” എന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു.
“സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വോട്ട് നീക്കം ചെയ്യാനുള്ള അപേക്ഷകൾ സ്വയമേവ ഫയൽ ചെയ്തു. കർണാടകയ്ക്ക് പുറത്തുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് കോൺഗ്രസ് വോട്ടർമാരെ ലക്ഷ്യമിട്ട് ആലന്ദിലെ നമ്പറുകൾ ഇല്ലാതാക്കി. പോളിംഗ് സ്റ്റേഷനിലെ വോട്ടർ അപേക്ഷകനാണെന്ന് ഉറപ്പാക്കാൻ ആരോ ഒരു ഓട്ടോമേറ്റഡ് പ്രോഗ്രാം നടത്തി. ആലന്ദിൽ വ്യാജ വോട്ട് ഇല്ലാതാക്കൽ അപേക്ഷകൾ സമർപ്പിച്ചത് 6018 പേരാണ്. കോൺഗ്രസ് വോട്ടർമാരെ ലക്ഷ്യം വച്ചുകൊണ്ടാണ് ഇവർ പ്രവർത്തിച്ചത്. ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കുന്നവരെയും വോട്ടുകൾ മോഷ്ടിക്കുന്നവരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സംരക്ഷിക്കുകയാണ്” എന്നും രാഹുൽ ആരോപിച്ചു.
Discussion about this post