ബംഗളൂരു : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഉന്നയിച്ച വോട്ട് മോഷണ ആരോപണത്തിന് പിന്നാലെ ശ്രദ്ധ നേടുന്നത് കർണാടകയിലെ ആലന്ദ് നിയമസഭാ മണ്ഡലമാണ്. ആലന്ദ് മണ്ഡലത്തിൽ 6000ത്തിലേറെ വോട്ടുകൾ മോഷ്ടിക്കപ്പെട്ടു എന്നാണ് രാഹുൽഗാന്ധി ആരോപണമുയർത്തിയിരുന്നത്. കർണാടകയ്ക്ക് പുറത്തുനിന്നുള്ള ഫോണുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചാണ് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തത് എന്നും രാഹുൽ ഗാന്ധി ഇന്ന് ആരോപിച്ചിരുന്നു.
എന്നാൽ കർണാടകയിൽ നിന്നും പുറത്തു വരുന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ കോൺഗ്രസിന് തന്നെ തിരിച്ചടിയാവുകയാണ്. കലബുറഗി ജില്ലയിലെ നിയമസഭാ മണ്ഡലമാണ് ആലന്ദ്. 2023ൽ കോൺഗ്രസ് വിജയിച്ച ഈ മണ്ഡലത്തെ കുറിച്ചാണ് രാഹുൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുൻ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച മണ്ഡലമായിരുന്നു ഇത്. 10340 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാത്രമായിരുന്നു കോൺഗ്രസിന്റെ ജയം എന്നുള്ളതും ശ്രദ്ധേയമാണ്.
2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 1,60,609 വോട്ടർമാരായിരുന്നു ആലന്ദ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയത്. 2023ലെ തിരഞ്ഞെടുപ്പ് ആയപ്പോൾ ഈ സംഖ്യ വർദ്ധിച്ച് 1,74,588 ആവുകയാണ് ചെയ്തത്. 2018ൽ ബിജെപിയുടെ സുഭാഷ് ഗുട്ടേദാർ ജയിച്ച ഈ മണ്ഡലത്തിൽ, രാഹുൽ ഗാന്ധി ആരോപണം ഉയർത്തിയ 2023 തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎ ആയിരുന്ന ബിജെപിയുടെ സുഭാഷ് ഗുട്ടേദാർ 10340 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. ഈ കണക്കുകൾ പുറത്തു വരുമ്പോൾ രാഹുലിന്റെ ആരോപണങ്ങൾ കർണാടക കോൺഗ്രസിലും പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Discussion about this post