ഏഷ്യാ കപ്പിൽ തകർപ്പൻ പ്രകടനം നടത്തുന്ന ഇന്ത്യൻ ലെഗ് സ്പിന്നർ കുൽദീപ് യാദവ്, ഇംഗ്ലണ്ട് പര്യടനത്തിനിടെ ഉണ്ടായ അനുഭവത്തെക്കുറിച്ച് സംസാരിച്ചു. പര്യടനത്തിലെ അഞ്ച് ടെസ്റ്റുകളിൽ അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും പ്ലെയിംഗ് ഇലവനിൽ ഇടം കണ്ടെത്താൻ കുൽദീപിന് കഴിഞ്ഞില്ല. പര്യടനം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് കുൽദീപ് സമ്മതിച്ചു. പക്ഷേ ടീമിൽ കൂടുതൽ ബാറ്റിംഗ് പ്രാധാന്യം നൽകാൻ ആഗ്രഹിച്ച മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ തന്നോട് ഈ വിഷയത്തിൽ സംസാരിച്ചു എന്നും അദ്ദേഹം പറഞ്ഞു.
നടന്നുകൊണ്ടിരിക്കുന്ന ടൂർണമെന്റിലൂടെ കുൽദീപ് ശരിക്കുമൊരു മാസ് തിരിച്ചുവരവാണ് ക്രിക്കറ്റിലേക്ക് നടത്തിയിരിക്കുകയാണ്. ഇതിനകം രണ്ട് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകൾ താരം വീഴ്ത്തിയിട്ടുണ്ട്. യുഎഇക്കെതിരെ 4/7 എന്ന പ്രകടനം കാഴ്ചവെച്ച അദ്ദേഹം, തുടർന്ന് ചിരവൈരികളായ പാകിസ്ഥാനെതിരെ 3/18 എന്ന തകർപ്പൻ പ്രകടനം പുറത്തെടുത്തു. തുടർച്ചയായി പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി.
“ഇംഗ്ലണ്ടിൽ ചിലപ്പോൾ, 3-4 മത്സരങ്ങളിൽ, എനിക്ക് കളിക്കാൻ കഴിയുമെന്ന് തോന്നി. പക്ഷേ നിർഭാഗ്യവശാൽ, അവർക്ക് ബാറ്റിംഗ് ഡെപ്ത് ആവശ്യമുള്ളതിനാൽ എനിക്ക് കളിക്കാൻ കഴിഞ്ഞില്ല. ആശയവിനിമയത്തിൽ ഗംഭീർ അത് പറഞ്ഞു. അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് എനിക്ക് തോന്നുന്നു. ഗൗതം ഗംഭീർ ഉള്ള കാര്യം ഉള്ള പോലെ പറഞ്ഞു. പക്ഷേ അത് കഴിവിനെക്കുറിച്ചോ ബാറ്റിംഗിനെക്കുറിച്ചോ ഒന്നുമല്ലായിരുന്നു. സാഹചര്യങ്ങളോ കോമ്പിനേഷനോ കാരണം എനിക്ക് ഒരു സ്ഥാനം നേടാൻ കഴിഞ്ഞില്ല,” കുൽദീപ് പറഞ്ഞു.
അദ്ദേഹം തുടർന്ന് പറഞ്ഞത് ഇങ്ങനെ:
“ബാറ്റിംഗിൽ കഠിനാധ്വാനം ചെയ്യണം എന്ന് എനിക്ക് അറിയാം. പക്ഷേ ബൗളിംഗ് മാത്രമാണ് എന്റെ ശക്തി. ഞാൻ ഏത് ടീമിലും കളിച്ചാലും, ഞാൻ ഒരു ബൗളറായി കളിക്കും. എന്റെ ജോലി വിക്കറ്റ് എടുക്കുക എന്നതാണ്. ഞാൻ വിക്കറ്റ് എടുക്കുന്നില്ലെങ്കിൽ, ഇടമുണ്ടാകില്ല,” കുൽദീപ് പറഞ്ഞു.
” ടീമിനായി വിക്കറ്റ് എടുക്കുക എന്നതാണ് എന്റെ ജോലി. എന്നാൽ ഏതൊരു കഴിവും മെച്ചപ്പെടുത്തുന്നതിനാണ് പരിശീലന സെഷനുകൾ നടത്തുന്നത്. ഞാൻ അതിൽ തുടർന്നും പ്രവർത്തിക്കും. ജീവിതത്തിൽ കഠിനാധ്വാനം ചെയ്യണമെന്ന് ഞാൻ പഠിച്ചു” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post