2025 ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ ഒമാനെ 21 റൺസിന് തോൽപ്പിച്ചതിന് ശേഷം സംസാരിച്ച നായകൻ സൂര്യകുമാർ യാദവ് പാകിസ്ഥാന്റെ പേര് പറയാതെ ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞ രീതി ശ്രദ്ധിക്കപ്പെട്ടു. നാളെ ദുബായിൽ നടക്കുന്ന സൂപ്പർ ഫോറിൽ ഇന്ത്യയും പാകിസ്ഥാനും ടൂർണമെന്റിൽ രണ്ടാമതും ഏറ്റുമുട്ടും. ഇരുവരും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് വിജയിച്ചു.
ടോസ് സമയത്ത് പാകിസ്ഥാൻ നായകൻ സൽമാൻ അലി ആഘയ്ക്ക് സൂര്യകുമാർ കൈ കൊടുക്കാൻ വിസമ്മതിച്ചതോടെ വിവാദങ്ങൾക്ക് തുടക്കമായി. മത്സരത്തിന് ശേഷവും ഇന്ത്യ ഹസ്തദാനം നിഷേധിച്ചതോടെ പാകിസ്ഥാൻ ശക്തമായ രീതിയിൽ പ്രതികരിച്ചു. മാച്ച് റഫറിയെ പുറത്താക്കി ഇല്ലെങ്കിൽ അവർ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തി.
എന്നിരുന്നാലും, ഒരുപാട് നാടകീയതകൾക്ക് ശേഷം അവർ യു-ടേൺ എടുത്ത് മത്സരത്തിനിറങ്ങി യുഎഇയെ പരാജയപ്പെടുത്തി അടുത്ത റൗണ്ടിലേക്ക് എത്തി. എന്തായാലും ഇന്നലത്തെ മത്സരത്തിന് പിന്നാലെ, ഞായറാഴ്ച പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന മത്സരത്തെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കർ സൂര്യകുമാറിനോട് ചോദിച്ചു, എതിരാളികളുടെ പേര് പറയുന്നതിൽ നിന്ന് സൂര്യകുമാർ യാദവ് ബുദ്ധിപരമായി പിന്മാറി.
പാകിസ്ഥാൻ മത്സരത്തിന് എല്ലാം സെറ്റ് അല്ലെ എന്നുള്ള സഞ്ജയുടെ ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ പറഞ്ഞു- “സൂപ്പർ ഫോറിനായി ഞങ്ങൾ ഒരുങ്ങിയിരിക്കുന്നു,” സൂര്യ പറഞ്ഞു. പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളെയാണ് ഇന്ത്യ സൂപ്പർ ഫോറിൽ നേരിടേണ്ടത്.
Discussion about this post