ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്ഥാനെ ഇന്ത്യ തകർത്തെറിഞ്ഞിരുന്നു. ആവേശപ്പോരാട്ടത്തിൽ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ ടൂർണമെന്റിൽ രണ്ടാം തവണയും ബദ്ധവൈരികളെ തോൽപ്പിക്കുക ആയിരുന്നു. പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ഗ്രുപ്പ് ഘട്ട മത്സരത്തിൽ നിന്ന് വ്യത്യസ്തമായി, മികച്ച പോരാട്ടവീര്യം കാണിക്കുന്ന പാകിസ്താനെ ഇന്നലെ കാണാൻ സാധിച്ചു. ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ പാക് ഇന്ത്യൻ ബോളർമാർക്ക് ശരിക്കും തലവേദന തന്നെയാണ് സമ്മാനിച്ചത്. സൂപ്പർ ബോളർ ജസ്പ്രീത് ബുംറ അടക്കമുള്ള താരങ്ങളുടെ മികവോ തലപൊക്കമോ ഒന്നും പരിഗണിക്കാതെ അവരെ അടിച്ചുതകർത്ത പാകിസ്ഥാൻ മികച്ച സ്കോർ തന്നെയാണ് ഉയർത്തിയത്. എന്നാൽ ബാറ്റിംഗ് അനുകൂല ട്രാക്കിൽ ഇന്ത്യക്ക് എത്തിപ്പെടാൻ പറ്റാത്ത സ്കോർ അല്ല ഇത് എന്ന് പാകിസ്ഥാന് ഇന്ത്യൻ ബാറ്റിംഗ് തുടങ്ങിയപ്പോൾ മനസിലായി. ഓപ്പണർമാരായ അഭിഷേക് ശർമയുടെയും ഗില്ലിന്റെയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇരുവരും പവർ പ്ലേ ഓവറിൽ കത്തികയറിയതോടെ ഇന്ത്യൻ സ്കോർബോർഡ് കുതിച്ചു.
ഒമ്പതാം ഓവറിൽ തന്നെ നൂറ് റൺസ് പിന്നിട്ട ഇന്ത്യ പെട്ടെന്ന് തന്നെ ജയിക്കുമെന്ന് തോന്നിച്ചു. എന്നാൽ പത്താം ഓവറിൽ ഗില്ലിനെ ബൗൾഡാക്കി ഫഹീം അഷ്റഫ് പാകിസ്ഥാന് നിർണയാക വിക്കറ്റ് നൽകി. 28 പന്തിൽ നിന്ന് 47 റൺസെടുത്താണ് ഗിൽ പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പൂജ്യനായി മടങ്ങി. എന്നാൽ ഇന്ത്യൻ ഇന്നിങ്സിലെ ഹീറോയായത് അഭിഷേക് ശർമ്മ ആയിരുന്നു. ടൂർണമെന്റിലെ മികച്ച ഫോം തുടർന്ന അഭിഷേക് 39 പന്തിൽ 74 റൺ എടുത്തു. അഭിഷേക്- ഗിൽ സഖ്യം തകർത്തടിച്ച സമയത്ത് ഇരുവരെയും പുറത്താക്കാൻ ഒരു വഴിയും ഇല്ലാതെ നിന്നപ്പോൾ പാക് പേസർമാരായ ഹാരിസ് റൗഫ്- ഷഹീൻ ഷാ അഫ്രീദി സഖ്യം ഇരുവരെയും സ്ലെഡ്ജ് ചെയ്ത് താരങ്ങളെ ചൊറിഞ്ഞ് സംസാരിക്കാൻ തുടങ്ങി. ഇതിനെതിരെ ഇരുവരും പ്രതികരിക്കുകയും ചെയ്യും. ഒടുവിൽ മാൻ ഓഫ് ദി മാച്ച് ആയ അഭിഷേക് പറഞ്ഞത് ഇങ്ങനെ :
“എന്റെ പദ്ധതികൾ ലളിതമായിരുന്നു. അവർ ഞങ്ങളെ അനാവശ്യമായി സ്ലെഡ്ജ് ചെയ്ത് പല കാര്യങ്ങൾ പറഞ്ഞു. എനിക്ക് അത് ഇഷ്ടപ്പെട്ടില്ല. അതിന് തിരികെ നൽകാൻ ഞാൻ ആഗ്രഹിച്ചു,” അഭിഷേക് ശർമ്മ പറഞ്ഞു. വൈസ് ക്യാപ്റ്റൻ ഗില്ലുമായുള്ള മാച്ച് വിന്നിംഗ് കൂട്ടുകെട്ടിനെക്കുറിച്ചും യുവ ബാറ്റർ അഭിപ്രായപ്പെട്ടു. “സ്കൂൾ കാലം മുതൽ ഞങ്ങൾ ഒരുമിച്ച് കളിക്കുന്നുണ്ട്, പരസ്പരം ബാറ്റ് ചെയ്യുന്നത് ആസ്വദിക്കുന്നു. അദ്ദേഹം നന്നായി കളിച്ചു. മറുവശത്ത് നിന്ന് ഞാൻ അത് ആസ്വദിക്കുകയായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ശർമ്മയോട് തന്റെ വിജയത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം ഹെഡ് കോച്ച് ഗൗതം ഗംഭീറിനെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും പ്രശംസിച്ചു.”ക്യാപ്റ്റൻ, പരിശീലകൻ, സഹതാരങ്ങൾ എന്നിവരിൽ നിന്ന് എനിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. എന്റെ ദിവസമാണെങ്കിൽ, ടീമിനായി ഞാൻ കളി ജയിപ്പിക്കും,” അദ്ദേഹം പറഞ്ഞു.
Discussion about this post