ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്ഥാനെ ഇന്ത്യ തകർത്തെറിഞ്ഞിരുന്നു. ആവേശപ്പോരാട്ടത്തിൽ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ ടൂർണമെന്റിൽ രണ്ടാം തവണയും ബദ്ധവൈരികളെ തോൽപ്പിക്കുക ആയിരുന്നു. പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ഗ്രുപ്പ് ഘട്ട മത്സരത്തിൽ നിന്ന് വ്യത്യസ്തമായി, മികച്ച പോരാട്ടവീര്യം കാണിക്കുന്ന പാകിസ്താനെ ഇന്നലെ കാണാൻ സാധിച്ചു. ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ പാക് ഇന്ത്യൻ ബോളർമാർക്ക് ശരിക്കും തലവേദന തന്നെയാണ് സമ്മാനിച്ചത്. സൂപ്പർ ബോളർ ജസ്പ്രീത് ബുംറ അടക്കമുള്ള താരങ്ങളുടെ മികവോ തലപൊക്കമോ ഒന്നും പരിഗണിക്കാതെ അവരെ അടിച്ചുതകർത്ത പാകിസ്ഥാൻ മികച്ച സ്കോർ തന്നെയാണ് ഉയർത്തിയത്. എന്നാൽ ബാറ്റിംഗ് അനുകൂല ട്രാക്കിൽ ഇന്ത്യക്ക് എത്തിപ്പെടാൻ പറ്റാത്ത സ്കോർ അല്ല ഇത് എന്ന് പാകിസ്ഥാന് ഇന്ത്യൻ ബാറ്റിംഗ് തുടങ്ങിയപ്പോൾ മനസിലായി. ഓപ്പണർമാരായ അഭിഷേക് ശർമയുടെയും ഗില്ലിന്റെയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇരുവരും പവർ പ്ലേ ഓവറിൽ കത്തികയറിയതോടെ ഇന്ത്യൻ സ്കോർബോർഡ് കുതിച്ചു. അതിനിടയിൽ 4 വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും തിലക്- ഹാർദിക് സഖ്യം ഇന്ത്യയെ വിജയവര കടത്തി.
എന്തായാലും മത്സരത്തിൽ നിർണായകമായ ഓപ്പണർ ഫഖർ സമാന്റെ പുറത്താകലിന്റെ നിയമസാധുതയെ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ ചോദ്യം ചെയ്തു, പന്ത് വിക്കറ്റ് കീപ്പർ സഞ്ജു സാംസണിൽ എത്തുന്നതിനുമുമ്പ് ബൗൺസ് ചെയ്‌തെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫഖർ മികച്ച ഫോമിൽ നിന്ന് ജസ്പ്രീത് ബുംറയുടെ പന്തിൽ രണ്ട് ബൗണ്ടറികൾ പറത്തി പാകിസ്ഥാന് പവർപ്ലേയിൽ ആധിപത്യം നൽകിയ സമയം ആയിരുന്നു അത്. എന്നിരുന്നാലും, ഹാർദിക് പാണ്ഡ്യയുടെ ഓഫ് കട്ടർ, എഡ്ജ് ആയി സഞ്ജു കൈയിൽ ഒതുക്കുക ആയിരുന്നു. സാംസൺ ക്യാച്ച് എടുത്തതിന് പിന്നാലെ അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു. ആലോചനകൾക്കും റിപ്ലേ കാണലുകൾക്കും ഒടുവിൽ തീരുമാനം ഔട്ട് എന്ന് സ്‌ക്രീനിൽ തെളിഞ്ഞു.
പാക് നായകൻ പറഞ്ഞത് ഇങ്ങനെ :
“തീരുമാനത്തെക്കുറിച്ച് എനിക്കറിയില്ല. അത് അമ്പയറുടെ ജോലിയാണെന്ന് വ്യക്തമാണ്. അമ്പയർമാർക്ക് തെറ്റുകൾ സംഭവിക്കാം. എനിക്ക് അതിൽ ഒരു പ്രശ്നവുമില്ല. പക്ഷേ പന്ത് കീപ്പറുടെ അടുത്തേക്ക് എത്തുന്നതിന് മുമ്പ് അത് ബൗൺസ് ചെയ്തതായി തോന്നുന്നു,” സൽമാൻ പറഞ്ഞു.
“പക്ഷേ ചിലപ്പോൾ എനിക്കായിരിക്കും തെറ്റ് പറ്റിയത്. എനിക്കറിയില്ല. പവർപ്ലേയിലുടനീളം അദ്ദേഹം ബാറ്റ് ചെയ്തിരുന്നെങ്കിൽ, ഞങ്ങൾ 190 റൺസ് നേടുമായിരുന്നു എന്ന് പറയാൻ കഴിയും. പക്ഷേ അതെ, അത് അമ്പയറുടെ തീരുമാനമാണ്. അവർക്ക് തെറ്റുകൾ സംഭവിക്കാം. എനിക്കറിയില്ല. എന്റെ നോട്ടത്തിൽ, അത് കീപ്പറിൽ എത്തുന്നതിനുമുമ്പ് ബൗൺസ് ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=BDCS-pkK3L8&t=1s
Discussion about this post