ഇന്ത്യയിലെ ചികിത്സാരംഗത്തെ പുകഴ്ത്തി അമേരിക്കൻ പൗരയായ സഞ്ചാരി. കഴിഞ്ഞ നാല് വർഷമായി ഇന്ത്യയിൽ താമസിച്ചുവരുന്ന ക്രിസ്റ്റൺ ഫിഷർ എന്ന യുവതിയാണ് തന്റെ അനുഭവം പങ്കുവച്ചുകൊണ്ട് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. താൻ ഇന്ത്യയെ ഇഷ്ടപ്പെടുന്നതിന്റെ കാരണമാണ് ക്രിസ്റ്റൻ പറയുന്നത്.
തന്റെ തള്ളവിരലിന് പരിക്കേറ്റതിനെ തുടർന്ന് ഒരു പ്രാദേശിക ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ, മുഴുവൻ ചികിത്സയ്ക്കുംകൂടി വെറും 50 രൂപ (ഏകദേശം 60 സെന്റ്) മാത്രമാണ് ബില്ലായി വന്നത് എന്നാണ് ക്രിസ്റ്റൺ ഫിഷർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
“എന്റെ തള്ളവിരൽ ആഴത്തിൽ മുറിഞ്ഞു. ഒരുപാട് രക്തം പോയതുകൊണ്ട് എനിക്ക് തുന്നലിടേണ്ടിവരുമെന്ന് ഞാൻ കരുതി. വീട്ടിൽനിന്ന് മിനിറ്റുകൾ മാത്രം അകലെയുള്ള ഒരു ആശുപത്രിയിലേക്ക് സൈക്കിളിൽ വേഗത്തിൽ പോയി. അവിടെ എത്തിയ ഉടൻ തന്നെ ഡോക്ടർമാർ ചികിത്സ നൽകി. വേദനയുണ്ടായിരുന്നെങ്കിലും മുറിവിന് തുന്നലിടേണ്ടിവന്നില്ല. 45 മിനിറ്റിനുള്ളിൽ മുറിവ് വൃത്തിയാക്കി കെട്ടിയശേഷം ഞാൻ ആശുപത്രിയിൽനിന്ന് മടങ്ങി. ചികിത്സ കഴിഞ്ഞ് ഞാൻ പണം അടയ്ക്കാൻ ചെന്നപ്പോൾ 50 രൂപ തന്നാൽ മതിയെന്ന് അവർ പറഞ്ഞു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല” ഫിഷർ വീഡിയോയിൽ പറഞ്ഞു.
ഇതേ ചികിത്സയ്ക്ക് അമേരിക്കയിൽ എത്ര ചിലവ് വരുമെന്നും ഫിഷർ താരതമ്യം ചെയ്തു. ചെറിയൊരു മുറിവിന് പോലും നൂറുകണക്കിന് ഡോളർ ചിലവാകുമെന്നും ഇന്ത്യയിൽ ഒരു ഡോളറിൽ താഴെ മാത്രം നൽകിയാൽ മതിയായെന്നും അവർ പറഞ്ഞു. ഇന്ത്യയിൽ ആരോഗ്യകേന്ദ്രങ്ങൾ വളരെ എളുപ്പത്തിൽ ലഭ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. “എന്റെ വീടിനടുത്ത് അഞ്ച് മിനിറ്റ് നടന്നാൽ എത്താവുന്ന ദൂരത്തിൽ ഒരു ആശുപത്രിയുണ്ട്. ക്ലിനിക്കുകൾ, എമർജൻസി റൂമുകൾ, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം എന്നിവയെല്ലാം ഇവിടെ എളുപ്പത്തിൽ ലഭ്യമാണ്. ഇന്ത്യയിലെ ജീവിതത്തിൽ ഞാൻ ഏറെ വിലമതിക്കുന്ന ഒന്നാണിത്” അവർ കൂട്ടിച്ചേർത്തു.
Discussion about this post