ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് കശ്മീർ സ്വദേശി അറസ്റ്റിൽ. കുൽഗാം നിവാസിയായ മുഹമ്മദ് യൂസഫ് കതാരിയ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. കുൽഗാമിൽ താമസിച്ചുവരുന്ന ഇയാളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ശേഷം ഭീകരർക്ക് സഹായം നൽകിയതായുള്ള തെളിവുകൾ ലഭിച്ചതിനെത്തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഓപ്പറേഷൻ മഹാദേവിനിടെ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങൾ വിശകലനം ചെയ്തപ്പോഴാണ് കുൽഗാം സ്വദേശിയായ മുഹമ്മദ് യൂസഫ് കതാരിയയെ കുറിച്ചുള്ള സൂചനകൾ സുരക്ഷാസേനയ്ക്ക് ലഭിച്ചത്.
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഉൾപ്പെട്ട പാകിസ്താൻ ഭീകരർക്ക് ലോജിസ്റ്റിക് സഹായങ്ങൾ ഇയാൾ നൽകിയതായി കണ്ടെത്തുകയായിരുന്നു. ലഷ്‌കർ-ഇ-തൊയ്ബ (ടിആർഎഫ്) പ്രവർത്തകനാണ് ഇയാളെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
26 വയസ്സുള്ള മുഹമ്മദ് യൂസഫ് കതാരിയ താൽക്കാലിക അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു. കതാരിയയുടെ കൂട്ടാളികളെ തിരിച്ചറിയുന്നതിനും വിശാലമായ ലഷ്കർ ഇ തൊയ്ബ (ടിആർഎഫ്) ശൃംഖല തകർക്കുന്നതിനുമായി കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. ഓപ്പറേഷൻ മഹാദേവിനുശേഷം സുരക്ഷാ സേനയ്ക്ക് ലഭിച്ച മറ്റൊരു വലിയ വിജയമാണിത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Discussion about this post