ബീജിങ് : തായ്‌വാൻ, ഹോങ്കോംഗ്, ഫിലിപ്പീൻസ്, ദക്ഷിണ ചൈന എന്നിവിടങ്ങളിൽ വൻ നാശം വിതച്ച് രാഗസ ചുഴലിക്കാറ്റ്. വർഷങ്ങളായി ഉണ്ടായതിൽ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിൽ ഒന്നായ ഇത് തായ്‌വാനിൽ 17 പേരുടെയും ഫിലിപ്പീൻസിൽ 10 പേരുടെയും മരണത്തിന് കാരണമായി. തെക്കൻ ചൈനീസ് തീരത്ത് നിന്നും 20 ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു.
കാറ്റഗറി 5 ചുഴലിക്കാറ്റിന് തുല്യമായ രാഗസ, തിങ്കളാഴ്ച അതിന്റെ ഏറ്റവും ഉയർന്ന വേഗതയായ മണിക്കൂറിൽ 285 കിലോമീറ്റർ വേഗതയിൽ ആണ് സഞ്ചരിച്ചത്. ‘കൊടുങ്കാറ്റുകളുടെ രാജാവ്’ എന്നാണ് ചൈന രാഗസ ചുഴലിക്കാറ്റിനെ വിശേഷിപ്പിച്ചത്. ഹോങ്കോങ്ങിൽ കരതൊട്ട രാഗസ ശക്തമായ ചുഴലിക്കാറ്റിനും കൂറ്റൻ തിരമാലകൾക്കും കാരണമായി.
തെക്കൻ ചൈനയുടെ സാമ്പത്തിക ശക്തികേന്ദ്രമായ ഗ്വാങ്‌ഡോങ് പ്രവിശ്യയെ ആണ് രാഗസ കാര്യമായി ബാധിച്ചിരിക്കുന്നത്. മണിക്കൂറിൽ 144 കിലോമീറ്റർ മുതൽ 241 കിലോമീറ്റർ വരെ വേഗതയിലാണ് ഇവിടെ ചുഴലിക്കാറ്റ് വീശിയത്. ഇതോടൊപ്പം ശക്തമായ മഴയും ഉണ്ടായത് വെള്ളപ്പൊക്കത്തിനും റോഡുകൾ തകരുന്നതിനും ഉൾപ്പെടെ കാരണമായി. ചൈനീസ് തീരത്ത് വീശിയടിച്ച ഏറ്റവും ശക്തമായ കൊടുങ്കാറ്റായാണ് രാഗസ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ നാശനഷ്ടങ്ങളുടെ പൂർണ്ണ വിവരങ്ങൾ ചൈന പുറത്തുവിട്ടിട്ടില്ല.
Discussion about this post