ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാർ ഹൈക്കോടതിയിൽ. കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുനൽകണമെന്നും പിടിച്ചെടുത്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് താരം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വാഹനങ്ങൾ വാങ്ങിയത് നിയമവിധേയമായിട്ടാണ്. ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാതെ വാഹനം പിടിച്ചെടുത്തത് നിയമവിരുദ്ധമായിട്ടാണ്. ഉദ്യോഗസ്ഥരുടെ നടപടി റദ്ദാക്കി പിടിച്ചെടുത്ത വാഹനം തിരികെ വിട്ടുനൽകാൻ നിർദ്ദേശിക്കണമെന്നും താരം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അഭ്യത്ഥിക്കുന്നു.
ദുൽഖർ സൽമാന്റെ ഒരു വാഹനമാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് ദുൽഖറിന്റെ രണ്ടു ലാൻഡ് റോവറുകൾ ഉൾപ്പെടെ നാലു വാഹനങ്ങളാണ് കസ്റ്റംസിന്റെ സംശയ നിഴലിലുള്ളതെന്നാണ് റിപ്പോർട്ട്. ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കാനിരിക്കെയാണ് നടൻ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.
വാഹനത്തിന്റെ കൈവശാവകാശം, ഉടമസ്ഥാവകാശം, വാഹനം നേരത്തെ ആരെല്ലാം ഉപയോഗിച്ചിരുന്നു, ആരിൽ നിന്നാണ് കൈമാറിയത് തുടങ്ങിയ രേഖകൾ അധികൃതർക്ക് മുന്നിൽ ഹാജരാക്കാം. കസ്റ്റംസ് ഡ്യൂട്ടി അടച്ചിട്ടില്ലെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. തന്റെ പ്രതിനിധികൾ ചില രേഖകൾ ഹാജരാക്കിയെങ്കിലും അതൊന്നും പരിശോധിക്കാതെയാണ് വാഹനം പിടിച്ചെടുത്തതെന്നും ദുൽഖർ സൽമാൻ ഹർജിയിൽ പറയുന്നു.
Discussion about this post