ഇവിടെ ചരിത്രമൊരു ജ്വലിക്കുന്ന സൂര്യനാണ്. നൂറുവയസ്സ് അതിൻ്റെ ജ്വാലകളെ ശോഷിപ്പിക്കുന്നില്ല. ‘നുണകളുടെ പാഴ് മുറങ്ങൾ’ക്ക് അതിനെ മറയ്ക്കാനും കഴിയില്ല. എന്നാൽ ആ ശ്രമത്തിനായ് ഉയർത്തപ്പെട്ട ചോദ്യമാണ് “സ്വാതന്ത്ര്യത്തിനു വേണ്ടി ആർ.എസ് എസ് എന്തു ചെയ്തു?” എന്നത്. സത്യത്തെ പരിഹസിക്കാൻ നുണയുയർത്തിയ ചോദ്യം മാത്രമാണത്.
നിസ്സഹകരണത്തിൻ്റെയും നിയമ ലംഘനത്തിൻ്റെയുമായ രണ്ടു മഹാസമരങ്ങളുടെ ഇടയിലാണ് ആർ.എസ് എസ് ജനിച്ചു വീണത്. അതിനു മുന്നെ , സംഘസ്ഥാപകനായ കെ.ബി. ഹെഡ്ഗേവാർ കോൺഗ്രസ് പ്രവർത്തകനായിരുന്നു. 1919 ൽ അദ്ദേഹം ദേശീയ കോൺഗ്രസിൽ ചേർന്നു. പ്രോവിൻഷ്യൽ കോൺഗ്രസിൻ്റെ ഹിന്ദി പ്രസിദ്ധീകരണത്തിൻ്റെ ധനസമാഹരണ ചുമതലയായിരുന്നു അന്ന്. അതിനും മുന്നേ ‘അനുശീലൻ സമിതി’യിൽ ‘കോകൻ’ എന്ന ഒളിപ്പോരാളിയും.
സ്വാതന്ത്ര്യം ജന്മാവകാശവും അത് ‘ഏതു വിധത്തിലും’ നേടണം എന്നും ആഗ്രഹിച്ച തിലകൻ്റെ അനുയായികൾ ഗാന്ധിയുമായി നിസ്സഹകരണം പ്രഖ്യാപിച്ചു തുടങ്ങിയ ആ കാലത്ത് ഹെഡ്ഗേവാർ ഗാന്ധിയ്ക്കൊപ്പം നിന്നു. ലോകമാന്യതിലകൻ്റെ കടുത്ത അനുയായികളായ ബി.ജി. ഘാർപഡേ, ബി.എസ് മൂംജേ എന്നിവരുടെ ‘രാഷ്ട്രീയ മണ്ഡലിൽ’ നിന്നു വ്യതിരിക്തമായി ‘നാഗ്പൂർ നാഷണൽ യൂണിയൻ’ സ്ഥാപിക്കപ്പെടുന്നത് അങ്ങനെയാണ്. കെ.ബി. ഹെഡ്ഗേവാർ , എം.ആർ.ഛോൽക്കർ, സൈമുള്ള ഖാൻ എന്ന ത്രിത്വത്തിൻ്റെ നേതൃത്വത്തിൽ 1920 ൽ ആയിരുന്നു അത്. അങ്ങനെയാണ് അവിടേയ്ക്കുള്ള ‘ഗാന്ധിയൻ നിസ്സഹകരണ’ത്തിൻ്റെ വിശദ പദ്ധതി തയ്യാറാക്കപ്പെടുന്നതും അത് കോൺഗ്രസിൻ്റെ പ്രത്യേക കൽക്കട്ടാ സമ്മേളനത്തിലേക്ക് അയക്കപ്പെടുന്നതും. അങ്ങനെയാണ് ആ ചെറുപ്പക്കാരുടെ കഠിനാധ്വാനത്താൽ ‘നിസ്സഹകരണം’ സെൻട്രൽ പ്രോവിൻസിൽ അധ:സ്ഥിതരായ നെയ്ത്തുകാരുടെ സമരമായി മാറുന്നത്. മാഞ്ഞുപോകാത്ത ഈ ചരിത്രത്തെ മറച്ചുപിടിച്ചിട്ടാണ് നുണ ആ ഒരു ചോദ്യം പടച്ചു വിടുന്നത്!
ചരിത്രം അവിടെ അവസാനിക്കുകയായിരുന്നില്ലല്ലോ.സെൻട്രൽ പ്രോവിൻസിൽ ഒരു ‘നിസ്സഹകരണ ബോർഡ്’ ഉണ്ടാക്കുകയും ജനകീയ പരിശീലനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതിനാണ് ബ്രിട്ടീഷ് വിദ്വേഷപ്രസംഗങ്ങളുടെ പേരിൽ ഹെഡ്ഗേവാർ അറസ്റ്റ് ചെയ്യപ്പെടുന്നത്. അതു മാത്രമല്ല ചരിത്രം, “ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തിലെ ജനങ്ങളെ ഭരിക്കാൻ എന്തു നിയമാധികാരമാണുള്ളത് ” എന്ന വിചാരണക്കോടതിയിലെ അദ്ദേഹത്തിൻ്റെ ചോദ്യവും ചരിത്രമാണ്!
പിന്നീടാണ് ആർ.എസ്.എസ് രൂപീകരിക്കപ്പെടുന്നത്. ചരിത്രത്തിൻ്റെ നീണ്ട അനുഭവങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ ‘രാഷ്ട്രീയ സ്വാതന്ത്ര്യം എന്ന അടിയന്തിര ലക്ഷ്യത്തിനായി’ മാത്രമല്ല അതിന് ജന്മം നൽകിയത്.അതുകൊണ്ടു തന്നെ ഡോക്ടർജിയുടെ നിർദ്ദേശത്തിൽ, സംഘപ്രവർത്തകരുടെ ‘വ്യക്തി ശേഷിക്കനുസരിച്ചായി’ സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തം. 1928 ൽ നാഗ്പൂരിലും വാർധയിലുമായി പതിനെട്ട് ശാഖകളാണ് ആർ.എസ്.എസിനുണ്ടായിരുന്നത്. മറാത്തായുൾപ്പെട്ട സെൻട്രൽ പ്രൊവിൻസിൽ കോൺഗ്രസിൻ്റെ അക്കാലത്തെ ജനറൽ സെക്രട്ടറി ‘ഹരേ കൃഷ്ണ ജോഷി’യായിരുന്നു. ആർ എസ് എസിൻ്റെ വാർധാ സംഘചാലകും അക്കാലത്ത് അദ്ദേഹം തന്നെ ആയിരുന്നു. അത് ചരിത്രം മാത്രമല്ല. “വ്യക്തി ശേഷിക്കനുസരിച്ച പങ്കാളിത്തം” എന്ന ഹെഡ്ഗേവാർ സിദ്ധാന്തത്തിൻ്റെ പ്രയോഗവിജയം കൂടിയായിരുന്നു. വ്യക്തിഗതമായ അത്തരം എത്രയോ ത്യാഗങ്ങൾ കൂടിയാണ് സ്വാതന്ത്ര്യത്തിൻ്റെ ചരിത്രം. വൻമരങ്ങൾ മാത്രമല്ലാത്ത ഒരു മഹാവനമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം.
സെൻട്രൽ പ്രൊവിൻസിൽ മൂംജേയും അഭ്യങ്കാറുമായുള്ള കിടമത്സരങ്ങളും അതിലുള്ള ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ഇടപെടലിലും മടുത്തിട്ടാണ് ഹെഡ്ഗേവാറും ജോഷിയും കോൺഗ്രസ് എന്ന ‘സംഘടന’യുപേക്ഷിക്കുന്നത്. അപ്പോഴും അതിൻ്റെ ‘ദേശീയ സമര പദ്ധതികളെ’ അവർ ഉപേക്ഷിച്ചിരുന്നില്ല. വ്യക്തിശേഷിക്കനുസൃതമായ പങ്കാളിത്തം എന്ന നയം സംഘടനാ നയമായിത്തന്നെ സംഘം തുടർന്നു പോന്നു. ‘പൂർണ്ണ സ്വരാജ്’ എന്ന ലാഹോർ കോൺഗ്രസ് പ്രമേയം അക്കാലത്തെ 37 ശാഖകളിലേക്കും അയക്കപ്പെട്ടു. ‘പൂർണ്ണ സ്വരാജ്’ എന്ന ആശയം ആ ശാഖകളിൽ വ്യാഖ്യാനിക്കപ്പെട്ടു. കോൺഗ്രസ്പ്രമേയത്തെ അനുകൂലിച്ചു കൊണ്ട് റാലികളും സംഘടിപ്പിക്കപ്പെട്ടു.
സിവിൽ നിയമലംഘന പ്രസ്ഥാനം വന സത്യഗ്രഹത്തിൻ്റെ രൂപത്തിലാണ് സെൻട്രൽ പ്രൊവിൻസിൽ അവതരിച്ചത്. കോൺഗ്രസിൻ്റെ നിയമലംഘന പ്രസ്ഥാനങ്ങളുടെ വോളണ്ടിയർ ക്യാപ്റ്റൻ, ‘സേനാപതി’ എന്ന് അംഗങ്ങളാൽ വിളിക്കപ്പെട്ട ‘മാർത്താണ്ഡ ജോഗ്’ എന്ന ആർ.എസ്.എസ് നേതാവായിരുന്നു. അതേ വന സത്യഗ്രഹത്തിൽ പങ്കെടുക്കുന്നതിനാണ് ഡോ. ഹെഡ്ഗേവാർ തൻ്റെ സർസംഘചാലക് സ്ഥാനം രാജിവയ്ക്കുന്നത്. ബ്രിട്ടീഷ് ജയിലിലെ തടവിൽ അവസാനിച്ച ആ സമര ജാഥ മുന്നിൽ നിന്നു നയിക്കുമ്പോൾ അദ്ദേഹത്തിനു പിന്നിൽ സമരാവേശിതരായ പതിനായിരത്തോളം പേരുടെ നീണ്ട നിരയുണ്ടായിരുന്നു.അവരിൽ എണ്ണൂറോളം പേർ സ്ത്രീകളായിരുന്നു എന്ന് അക്കാലത്തെ മറാത്തി പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വയരക്ഷയ്ക്കു വേണ്ടിയുള്ള ഒളിജീവിതവും അതിൻ്റെ മറവിലെ അവിഹിതങ്ങളും അഗമ്യഗമേനച്ഛകളും വരെ സമരചരിത്രമായി വ്യാഖാനിക്കുകയും അഭിരമിക്കുകയും ചെയ്യുന്നിടത്താണ് ഈ സമരങ്ങൾ മറന്ന് നുണ അശ്ലീലം നിറഞ്ഞ ‘ആ ചോദ്യം’ ചോദിക്കുന്നത്!
1931 ൽഗാന്ധിയും ഇർവിനുമായി സന്ധി ചെയ്തതിൽപ്പെട്ട് 1932 ൽ സിവിൽ നിയമലംഘന പ്രസ്ഥാനം മരിക്കുമ്പോൾ അന്നത്തെ സെൻട്രൽ പ്രവിശ്യാ ഗവൺമെൻ്റ് ഇറക്കിയ ഉത്തരവുകളിൽ ഒന്ന് ഗവൺമൻ്റ് ജീവനക്കാരുടെ ആർ.എസ്.എസ് പ്രവർത്തനം നിരോധിച്ചു കൊണ്ടുള്ളതായിരുന്നു. സ്വാതന്ത്ര്യ സമരത്തിലെ ആർ.എസ്.എസിൻ്റെ പങ്ക് ചരിത്രം തന്നെ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. 1933 ൽ ആ നിരോധനം തദ്ദേശ ഭരണ സംവിധാനങ്ങളിലേക്കു കൂടി വ്യാപിക്കപ്പെട്ടു. അതിനെ ചോദ്യം ചെയ്ത് 1934 ൽ വി.ഡി. കോട്ലെ എന്ന പ്രവിശ്യാ സാമാജികൻ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് അന്നു സംസാരിച്ച ബ്രാഹ്മണ, അബ്രാഹ്മണ,മുസ്ലീം പ്രതിനിധികളുടെ പ്രശംസാ വാചകങ്ങളും ചരിത്രത്തിനു സാക്ഷിയാണ്.
1940 ലെ ബ്രിട്ടീഷ് ഹോം ഡിപ്പാർട്ട്മെൻ്റിൻ്റെ റിപ്പോർട്ടുകളും സി.ഐ.ഡി രേഖകളും ചരിത്രത്തോട് സത്യം പറയും.” ആർമി,നേവി, തപാൽ, ടെലഗ്രാഫ്, റെയിൽവേ ഭരണ നിർവഹണം എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും ആർ.എസ് എസ്. സ്വയം സേവകർ കടന്നുകൂടിയിരിക്കുന്നു. സമയമെത്തുമ്പോൾ ഭരണം അട്ടിമറിക്കാൻ അവർക്ക് ബുദ്ധിമുട്ടുണ്ടാവില്ല” എന്ന ബ്രിട്ടീഷ് ഇന്ത്യാ ഹോം ഡിപ്പാർട്ട്മെൻ്റ് രേഖ ചരിത്രത്തിനു മാത്രമല്ല സത്യത്തിനും മുതൽക്കൂട്ടായി തുടരുന്നു.
ചരിത്രം ഇങ്ങനെ ആയിരിക്കെയാണ് നുണ ആ ഒരു ചോദ്യം ചോദിക്കുന്നത്! ലാഹോറിലും റാവൽപിണ്ടിയിലും പിന്നെ ഹൈദരാബാദിലും ഉണ്ടായ ചില അസ്വാരസ്യങ്ങളല്ലാതെ 1945 വരെ ആർ.എസ്. എസും മുസ്ലീങ്ങളുമായി ഏറ്റുമുട്ടുന്നത് സ്വതന്ത്ര പൂർവ്വ ഇന്ത്യ കണ്ടില്ല.അതുകൊണ്ടാണ് 1934 ൽ സെൻട്രൽ പ്രൊവിഷ്യൽ കൗൺസിലിൽ RSS വർഗീയമല്ല എന്ന് മുസ്ലീം പ്രതിനിധി എം.എസ്. റഹ്മാൻ സാക്ഷ്യപ്പെടുത്തിയത്. ആർ.എസ് എസ് ൻ്റെ ഈ സമീപനമാണ് സവർക്കറെ കൊണ്ട് ‘തണുപ്പൻ’ എന്നു വിശേഷിപ്പിച്ചത്. അതുകൊണ്ടാണവർക്ക് രാം സേന,ഹിന്ദു മിലിഷ്യ പോലുള്ള സ്വന്തം സന്നദ്ധ സംഘങ്ങൾ രൂപീകരിക്കേണ്ടി വന്നത്.
ആർ.എസ്.എസിനെ വർഗീയമാക്കേണ്ടത് ആദ്യം ബ്രിട്ടിഷുകാർക്കും പിന്നീടുള്ള കോൺഗ്രസിനുമായിരുന്നു. അതുകൊണ്ടാണവർ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആർ.എസ്. എസ് പങ്ക് തമസ്കരിക്കുകയും മുസ്ലീം ആധിപത്യം ചെറുക്കാനായി ആർ.എസ്.എസ് പോരാ എന്ന അതി തീവ്രചിന്തയാൽ മാത്രം രൂപീകരിക്കപ്പെട്ട യുപിയിലെയും പഞ്ചാബിലെയും മഹാവീർദൾ, അഗ്നിദൾ,പൂനെയിലെ ഹിന്ദു രാഷ്ട്ര ദൾ, ഭോപ്പാലിലെ ഹിന്ദു രാഷ്ട്ര സേന, മദ്ധ്യ പ്രവിശ്യയിലെ മുക്തേശ്വർ ദൾ, രാഷ്ട്രീയ സ്വയം സേവക മണ്ഡൽ, ജബൽപൂരിലെ ശക്തി ദൾ, ബീഹാറിലെ ഹിന്ദു രാഷ്ട്രീയ സേന എന്നിവയുടെ പ്രവർത്തനങ്ങളെ ആർ.എസ്.എസിൻ്റേതായി ചരിത്രീകരിക്കുകയും വിമർശിക്കുകയും അതിപ്പോഴും തുടരുകയും ചെയ്യുന്നത്.
നൂറു വർഷമായി ഈ നുണയുടെ കാറ്റുകൾക്ക് കീഴ്പ്പെടാതെ ആദർശത്തിൻ്റെ ആ ഭഗവ പതാക ഉയർന്നു പാറിത്തന്നെ നിൽക്കുന്നു. ഈ കാലത്തിനിടയിൽ എത്രയോ ഉത്തമ പുത്രൻമാരെ രാജ്യത്തിനായി നൽകിയ വീര പ്രസുവായിരിക്കുന്നു അവൾ. എത്ര ഉജ്ജ്വല ത്യാഗങ്ങൾ …..ദുരിതങ്ങളിൽ,ദുരന്തങ്ങളിൽ,പോർമുഖങ്ങളിൽ ! രാഷ്ട്ര ജ്വാലയുടെ ദ്യുതി അവളുടെ ഹവിസ്സു കൂടി ഏറ്റുവാങ്ങിയിട്ടാണ്. ഭാരതാംബയുടെ പാദത്തിൽ തിരയിളകുന്ന ത്രിവേണി സംഗമത്തിൽ ‘വിവേക വാണി’യായ ഉത്തമ പുത്രനായി അവൾ പണിതുയർത്തിയ സ്മാരകം ശിരസ്സുയർത്തിനിന്ന് സൂര്യോദയത്തെ വരവേൽക്കുന്നു. മാതാവിൻ്റെ ഹൃദയപീഠത്തിലവൾ ദീർഘനാൾ തപം ചെയ്തുയർത്തിയ ആദർശരാമൻ്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു. ശൈവ ധർമ്മത്തിൻ്റെ ആ ശിരസ്സിൽ,കൊടുമുടികളിലും താഴ്വരകളിലും തോക്കുകൾ നിശ്ശബ്ദമായി, ജനാധിപത്യത്തിൻ്റെ കൊടിയുയർന്നതിൻ്റെ വിജയഭേരി കേൾക്കുന്നു.ഒടുവിൽ കാട്ടിൽ നിന്നും ഒരാളെ രാഷ്ട്രപതി ഭവനിൽ എത്തിച്ചിരിക്കുന്നു. ജനാധിപത്യത്തിൻ്റെ ശ്രീ കോവിലിൽ മറ്റൊരാദർശ രൂപത്തെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇനിയും എത്രയോ പേരെ ഗർഭത്തിൽ പേറുന്നു. ചരിത്രമുദ്രകളാൽ അടയാളപ്പെടുത്തപ്പെട്ട ഈ നൂറാം വർഷത്തിലും എത്രയോ പേർ നിരനിരയായ് നിന്നു ചൊല്ലുന്നത് ഇതല്ലാതെ മറ്റെന്താകും?!
“തരിക്കില്ല മനം തെല്ലും…
പകയ്ക്കാ രണഭൂമിയില്‍…
മരിക്കും ഞാന്‍ നിനക്കായ്…
മംഗളാദർശ ദേവതേ’
Discussion about this post