കേരളവർമ്മ പഴശ്ശിരാജ സിനിമയിലെ ക്ലൈമാക്സ് രംഗത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ ഗർവിന് മുന്നിൽ വീഴാതെ തന്റെ അവസാന ശ്വാസം പോകും വരെ പൊരുതിവീണ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം മരിച്ചുകിടക്കുമ്പോൾ ബ്രിട്ടീഷ് പട്ടാളത്തിന്റെ തലപ്പത്തുള്ള ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്തുകൊണ്ട് പറയും- “അയാൾ നമ്മുടെ ശത്രു ആയിരിക്കാം, പക്ഷെ അയാളൊരു നല്ല മനുഷ്യനായിരുന്നു, ഒരു പോരാളി ആയിരുന്നു” കേരളവർമ്മ പഴശ്ശിരാജയിൽ സംഭവിച്ചത് പോലെ ഏതെങ്കിലും ശത്രു ഇത്തരത്തിൽ ബഹുമാനത്തോടെയുള്ള വാക്കുകൾ പറയുമോ?
എന്നാൽ ശത്രുക്കൾ ഇത്തരത്തിൽ ഒരു വാക്ക് എപ്പോൾ ആണെങ്കിലും ബഹുമാനത്തോടെ പറഞ്ഞ് പോകുന്ന ഒരു താരം ക്രിക്കറ്റിൽ ഉണ്ട്, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയോട്. 36 വയസ് എന്നത് ക്രിക്കറ്റിൽ ഏതൊരു താരത്തിനും അസ്തമയത്തിന്റെ വർഷങ്ങൾ ആണെങ്കിൽ ജഡേജ എന്ന താരത്തിന് 36 എന്നത് പ്രൈം ടൈം ആണ്. 2015 വരെ 24 ടെസ്റ്റിൽ നിന്ന് 473 റൺസ് മാത്രം നേടിയ ഒരു താരത്തിന്റെ കണക്കുകൾ നോക്കിയാൽ ശരാശരി എന്ന് മാത്രമേ നമുക്ക് പറയാൻ പറ്റു എങ്കിൽ 2016 നു ശേഷം 105 ടെസ്റ്റിൽ നിന്ന് അദ്ദേഹം നേടിയത് 3455 റൺസ് ആണ്. 42 .5 ശരാശരിയിൽ 5 സെഞ്ചുറികളും 26 അർദ്ധ സെഞ്ചുറികളുമാണ് ഇതിൽ ഉള്ളത്.
അവിടം കൊണ്ടും അയാളുടെ റേഞ്ച് അവസാനിക്കുന്നില്ല. ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റിൽ അർദ്ധ സെഞ്ച്വറി അവസാന 9 ടെസ്റ്റ് ഇന്നിങ്സിൽ നിന്ന് 7 എന്നതിൽ താരം അർദ്ധ സെഞ്ച്വറി പിന്നിട്ട കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിനോട് ബൈ ബൈ പറഞ്ഞ് കോഹ്‌ലി, രോഹിത് തുടങ്ങിയവർ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് വിരമിച്ചപ്പോൾ ആ ടൂർണമെന്റിൽ ഗിൽ, സിറാജ് എന്നിവർക്ക് ഒപ്പം ഇന്ത്യയെ സമനിലയിൽ ആ പരമ്പര അവസാനിപ്പിക്കാൻ സഹായിച്ചത് ജഡേജ ആയിരുന്നു. ബാറ്റിംഗിലും ബോളിങ്ങിലും ഫീൽഡിങ്ങിലും എല്ലാം താരം ഒരേ പോലെ തന്നെ മികവ് കാണിച്ചു എന്നത് ആ പരമ്പരയിൽ നമ്മൾ കണ്ടു.
മത്സരത്തിലേക്ക് വന്നാൽ സെഞ്ച്വറി നേടിയ കെഎൽ രാഹുൽ മടങ്ങിയ ശേഷം നല്ല ഒരു കൂട്ടുകെട്ടിന് വേണ്ടി നോക്കിയ ഇന്ത്യയെ രക്ഷിച്ചത് ജുറൽ- ജഡേജ സഖ്യമായിരുന്നു. ഇതിൽ തുടക്കത്തിൽ അറ്റാക്കിങ് ഗെയിം കളിച്ച് യുവതാരം ജുറലിന്റെ മേലുള്ള സമ്മർദ്ദമെല്ലാം ഒഴിവാക്കിയ ജഡേജ വെറും 75 പന്തിലാണ് അർദ്ധ സെഞ്ച്വറി നേടിയത്. നിലവിൽ 200 റൺ ലീഡ് പിന്നിട്ട ഇന്ത്യ 363 – 4 എന്ന നിലയിലാണ്. ടീമിനായി 67 റൺ പിന്നിട്ട ജഡേജയും 88 റൺ പിന്നിട്ട ജുറലുമാണ് ക്രീസിൽ ഉള്ളത്.
എന്താണോ ആവശ്യം അത് അനുസരിച്ച് കളിയുടെ വേഗം കൂട്ടിയും കുറച്ചും എതിരാളികളെ തളർത്തുന്ന ജഡേജ ശൈലി മാറ്റമില്ലാതെ തുടരുമ്പോൾ ആ ഒന്നാം നമ്പർ ഓൾ റൗണ്ടറുടെ മികവ് ഇനിയും കുറെ കാലം കൂടി തുടരും എന്നാണ് ഇന്ത്യൻ പ്രതീക്ഷ..
Discussion about this post