അഭിമുഖത്തിൽ ഇന്നത്തെ തലമുറയിലെ ചെറുപ്പക്കാർക്ക് അഭിനയ രംഗം ഒരു കരിയർ ആയി തിരഞ്ഞെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ടെന്നും എന്നാൽ തങ്ങളുടെ കാലത്ത് അങ്ങനെ അല്ലായിരുന്നുവെന്നും ബോളിവുഡ് താരവും നാഷണൽ അവാർഡ് ജേതാവുമായ റാണി മൂഖർജി. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു റാണി മൂഖർജിയുടെ പ്രതികരണം. താൻ ഈ മേഖലയിലേക്ക് എത്തിപ്പെടാൻ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും അവർ അഭിമുഖത്തിൽ സംസാരിച്ചു.
” പെൺകുട്ടികൾ അഭിനയമേഖലയിലേക്ക് വരുന്നതിനോട് അച്ഛന് താല്പര്യമില്ലായിരുന്നു. ഇന്നത്തെ പോലെയല്ല ,മാതാപിതാക്കളുടെ പാത പിൻതുടരാൻ പെൺകുട്ടികൾക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ മാതാപിതാക്കന്മാരുടെ പാത സ്വീകരിച്ച് അഭിനയമേഖലയിലേക്ക് കടന്നുവന്നിരുന്നത് ആൺകുട്ടികൾ മാത്രം ആയിരുന്നു. ” റാണി എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“സിനിമ രംഗത്തേക്ക് വരുന്നതിൽ അച്ഛന് എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും അമ്മ തമാശയായിട്ടായിരുന്നു അതിനെ നോക്കികണ്ടത്. എന്റെ ഫസ്റ്റ് സ്ക്രീൻ ടെസ്റ്റ് കണ്ട് അമ്മ പ്രൊഡ്യൂസറോട് പറഞ്ഞു. ”എന്റെ മകളെ ഈ സിനിമയിൽ അഭിനയിപ്പിച്ചാൽ നിങ്ങളുടെ പടം നഷ്ടത്തിലാകും. അതുകൊണ്ട് അവളെ എടുക്കാതിരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്” റാണി ഓർത്തെടുത്തു.
കുടുംബത്തിന് താല്പര്യമില്ലാഞ്ഞിട്ടും നിർമ്മാതാവായ സലിം അക്തർ റാണി മുഖർജിയെ വച്ച് ‘രാജാ കിആയേഗി ബരാത്ത്’ എന്ന സിനിമ നിർമ്മിച്ചു. 1996 ലാണ് സിനിമ പുറത്തിറങ്ങിയത്. ഈ സിനിമയിലൂടെ കരിയർ ആരംഭിച്ച റാണിക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ആഷിമ ചിബ്ബർ സംവിധാനം ചെയ്ത ‘മിസിസ് ചാറ്റർജി vs നോർവേ’ എന്ന ചിത്രത്തിലെ ശക്തമായ പ്രകടനത്തിന് റാണിക്ക് ഈ വർഷം മികച്ച നടിക്കുള്ള അവരുടെ ആദ്യത്തെ ദേശീയ അവാർഡ് ലഭിച്ചു. അനിർബൻ ഭട്ടാചാര്യ, നീന ഗുപ്ത, ജിം സർഭ് എന്നിവർ അഭിനയിച്ച ചിത്രം സൂപ്പർ ഹിറ്റായിരുന്നു.
Discussion about this post