എട്ട് തവണ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ ഉസൈൻ ബോൾട്ട് തന്റെ സ്വപ്ന റിലേ ടീമിലെ മൂന്ന് ക്രിക്കറ്റ് താരങ്ങളിൽ ഒരാളായി വിരാട് കോഹ്‌ലിയെ തിരഞ്ഞെടുത്തു. മുൻ ഓസ്‌ട്രേലിയൻ താരം ബ്രെറ്റ് ലീയും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സും തനിക്കൊപ്പം റിലേ ടീമിൽ ഉണ്ടാകും എന്നും ബോൾട്ട് പറഞ്ഞു.
ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ വിരാട് കോഹ്‌ലി ഫിറ്റ്നസിന്റെ കാര്യത്തിലും ഏറ്റവും മികച്ചവനാണ്. വളരെ ശരാശരിയിൽ പോയിരുന്ന ഒരു ക്രിക്കറ്റ് കരിയറിനെ ഇന്ന് കാണുന്ന നിലയിലാക്കാൻ വിരാടിനെ ഈ അപാര ഫിറ്റ്നസ് സഹായിച്ചിട്ടുണ്ട്. വിക്കറ്റുകൾക്കിടയിൽ ഉള്ള ഓട്ടത്തിന്റെ കാര്യത്തിലും വിരാട് കാണിച്ച മികവ് ആരാധകർ കണ്ടിട്ടുള്ളതാണ്.
സ്വപ്ന റിലേ ടീമിൽ ഏതൊക്കെ ക്രിക്കറ്റ് താരങ്ങൾ ഉണ്ടാകും എന്നുള്ള ചോദ്യത്തിന് ബോൾട്ട് പറഞ്ഞ മറുപടി ഇങ്ങനെ:
“ഞാൻ ഒരിക്കൽ ആരോടോ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. കോഹ്‌ലിയോട് ആണെന്ന് ഞാൻ കരുതുന്നു. അദ്ദേഹം തീർച്ചയായും വേഗതയുള്ള താരമാണ്. അവൻ എന്റെ റിലേ ടീമിൽ ഉണ്ടാകും. ബ്രെറ്റ് ലീ ഒപ്പമുണ്ടാകും. ഇത് കൂടാതെ ജോണ്ടി റോഡ്‌സും ടീമിന്റെ ഭാഗമാകും”
സച്ചിൻ ടെണ്ടുൽക്കർ, ബ്രയാൻ ലാറ, കോർട്ട്നി വാൽഷ് എന്നിവരെ കണ്ടാണ് താൻ വളർന്നതെന്നും ബോൾട്ട് കൂട്ടിച്ചേർത്തു. “അതെ, ഞാൻ നിരവധി ക്രിക്കറ്റ് താരങ്ങളെ കണ്ടാണ് വളർന്നത്. ജോണ്ടി റോഡ്‌സ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്നു. കോർട്ട്നി വാൽഷ്, ആംബ്രോസ്, സച്ചിൻ ടെണ്ടുൽക്കർ, ബ്രയാൻ ലാറ, വർഷങ്ങളായി ഈ ആളുകളെയെല്ലാം കണ്ടാണ് ഞാൻ വളർന്നത്. ഞാൻ അവരുടെയെല്ലാം ആരാധകനായിരുന്നു,” ബോൾട്ട് കൂട്ടിച്ചേർത്തു.
2017 ലാണ് ബോൾട്ട് ട്രാക്കിനോട് വിടപറഞ്ഞ് വിരമിക്കൽ പറഞ്ഞത്. കരിയറിന്റെ അവസാന നാളുകളിൽ പരിക്ക് താരത്തെ മികച്ച പ്രകടനം നടത്തുന്നതിൽ നിന്ന് തടഞ്ഞു.
Discussion about this post