ന്യൂഡൽഹി; ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനായി ഇരു രാജ്യങ്ങളും തീരുമാനമെടുത്തതായി റിപ്പോർട്ടുകൾ. പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സന്ദർശന വേളയിൽ റഷ്യയിൽ നിന്ന് കൂടുതൽ എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിനെക്കുറിച്ചാണ് ഇന്ത്യ ആലോചിക്കുന്നത്. ഓപ്പറേഷൻ സിന്ദൂരിലെ വിജയത്തെത്തുടർന്ന് ഇത്തരം ആയുധത്തിനുള്ള ആവശ്യം രാജ്യത്ത് വർദ്ധിച്ചു വരികയാണ് . നവീകരിച്ച പതിപ്പായ എസ്-500- ആണ് ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഓപ്പറേഷൻ സിന്ദൂരിൽ എസ്-400 സംവിധാനം ഇന്ത്യയ്ക്ക് വളരെ ഫലപ്രദമായിരുന്നുവെന്നാണ് വ്യോമസേന അധികൃതരുടെ വിലയിരുത്തൽ. ഇത് കൂടുതൽ ബാച്ചുകൾ വാങ്ങാനുള്ള സാധ്യത വർദ്ധിപ്പിച്ചു. പുടിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളുടെയും ചർച്ചകളിൽ ഈ വിഷയം പ്രധാന അജണ്ടയായിരിക്കുമെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ.
ഇന്ത്യ എസ്-400 ൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് അതിന്റെ അടുത്തതും നവീകരിച്ചതുമായ പതിപ്പായ എസ്-500 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സാങ്കേതികവിദ്യകളിൽ ഒന്നായാണ് എസ്-500 കണക്കാക്കപ്പെടുന്നത്. എസ്-400 സംബന്ധിച്ച് ഇന്ത്യയും റഷ്യയും തമ്മിലുള്ള ആദ്യത്തെ പ്രധാന കരാർ 2018 ൽ ആണ് ഒപ്പുവച്ചത്. അഞ്ച് യൂണിറ്റ് എസ് 400 ആണ് ഇന്ത്യ കരാറിലൂടെ ആദ്യ ഘട്ടം സ്വന്തമാക്കിയത്.
ഇതിനായി 5 ബില്യൺ ഡോളറിന്റെ കരാർ ആയിരുന്നു ഇന്ത്യ ഒപ്പിട്ടത്. ഇതിൽ മൂന്ന് സ്ക്വാഡ്രണുകൾ ഇന്ത്യയ്ക്ക് ഇതിനകം ലഭിച്ചു. അതേ സമയം കരാർ യുഎസ് സിഎഎടിഎസ്എ പ്രകാരം ഇന്ത്യയ്‌ക്കെതിരെ ഉപരോധങ്ങൾക്ക് കാരണമാകുമെന്ന് ഡൊണാൾഡ് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിനെ അവഗണിച്ചും ഇന്ത്യ ഈ കരാർ തുടരുന്നുണ്ട് എന്നതാണ് വസ്തുത.
എസ് 400 സംവിധാനം വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇതിൽ കൂടുതൽ ഇനിയും നമുക്ക് ആവശ്യമായി വരുമെന്ന് വ്യക്തമാണ്. എന്നാൽ എത്ര വാങ്ങണമെന്നോ ഭാവി പദ്ധതികൾ എന്താണെന്നോ പറയാൻ ഇനിയും സമയമായിട്ടില്ല . ഇന്ത്യയും സ്വന്തമായി വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഭാവി തീരുമാനങ്ങൾ എടുക്കുന്നതെന്നും , ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് വ്യക്തമാക്കി.
എസ്-400, എസ്-500 പോലുള്ള നൂതന പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യയ്ക്ക് സുരക്ഷാ വീക്ഷണകോണിൽ നിന്ന് മാത്രമല്ല, യുഎസും റഷ്യയും തമ്മിലുള്ള നയതന്ത്ര സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും നിർണായകമാണ്. ഇക്കാരണത്താൽ തന്നെ ഡിസംബറിൽ നടക്കുന്ന പുടിനുമായുള്ള കൂടിക്കാഴ്ച ഇന്ത്യയുടെ പുതിയ ദിശ നിർണ്ണയിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Discussion about this post