ഒക്ടോബർ 19 മുതൽ ആരംഭിക്കുന്ന മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഉൾപ്പെടുന്ന വൈറ്റ്-ബോൾ പര്യടനത്തിൽ പങ്കെടുക്കാൻ ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോകാൻ ഒരുങ്ങുകയാണ്. ഇന്ന് ഇരുഫോർമാറ്റുകളിലേക്കും ഉള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിക്കും. ഏറെ നാളുകളായി കളത്തിന് പുറത്തുനിൽക്കുന്ന രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ താരങ്ങളുടെ തിരിച്ചുവരവ് തന്നെയാണ് ഏറ്റവും ആവേശകരമായ വാർത്ത. നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രം കളിക്കുന്ന ഇരുവരും അവസാനം കളത്തിൽ ഇറങ്ങിയത് ഇന്ത്യ ജയിച്ച ചാമ്പ്യൻസ് ട്രോഫി ഫൈനലിലായിരുന്നു. ഇരുവരും കളത്തിൽ ഇറങ്ങുന്ന സന്തോഷത്തിനിടയിലും ഇന്ത്യക്ക് നിരാശയായി സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ ഏകദിന, ടി 20 സ്‌ക്വാഡിൽ ഒന്നും ഉണ്ടാകില്ല എന്നാണ്. പരിക്കാണ് താരത്തിന് പണി കൊടുത്തത്.
ഇന്ത്യയെ സംബന്ധിച്ച് വൈറ്റ് ബോൾ ഫോർമാറ്റിലെ ഏറ്റവും മികച്ച താരമായ ഹാർദികിന്റെ അഭാവം പണിയാകാൻ സാധ്യതയുണ്ട്. 2025 ലെ ഏഷ്യാ കപ്പ് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെയാണ് പാണ്ഡ്യയ്ക്ക് പരിക്കുപറ്റിയത്. ഈ പരിക്ക് താരത്തെ ഏഷ്യാ കപ്പ് ഫൈനലിൽ നിന്നും പുറത്താക്കി. ഇന്ത്യയ്ക്ക് ഇതിനകം തന്നെ പ്ലേയിംഗ് ഇലവനിൽ ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി ശിവം ദുബെയെ പോലെ ഒരു താരമുണ്ട്. ബാറ്റിംഗ് ഓൾ റൗണ്ടർ എന്ന നിലയിൽ കഴിവുതെളിയിച്ച ദുബൈ ഏഷ്യാ കപ്പിലും പന്തുകൊണ്ട് മായാജാലം കാണിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ മാഞ്ചസ്റ്ററിൽ ഉണ്ടായ പരിക്കിൽ നിന്ന് ഋഷഭ് പന്തിന് ഇതുവരെ മുക്തനായിട്ടില്ല. അതിനാൽ, ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്ന് അദ്ദേഹവും ഒഴിവാക്കപ്പെടും. ധ്രുവ് ജൂറലിന് പകരം ഏകദിന ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ടീമിൽ ഇടം നേടിയേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏകദിന ടീമിന്റെ പ്രധാന കീപ്പറായി രാഹുൽ തന്നെയായിരിക്കും എത്തുക.
ടി 20 ടീമിലേക്ക് വന്നാൽ ഏഷ്യാ കപ്പിലെ സ്‌ക്വാഡിൽ നിന്ന് വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത ഇല്ല. സഞ്ജു സാംസൺ പ്രധാന ടീമിന്റെ ഭാഗമായി ഉണ്ടാകും.
Discussion about this post