സ്ക്കൂൾ ഫീസ് അടയ്ക്കാൻ നിർവാഹമില്ലാതെ അച്ഛനും അമ്മയും സങ്കടപ്പെട്ടപ്പോൾ അവന്റെ ഉള്ളിലെ സങ്കടം തനിക്ക് ക്രിക്കറ്റ് പഠിക്കാൻ സാധിക്കുന്നില്ല എന്നോർത്തായിരുന്നു. അവനെ പോലെ ഇങ്ങനെ സങ്കടപ്പെട്ട അനേകം ചെറുപ്പക്കാരെ പോലെ തെരുവിൽ തന്നെ നഷ്ടപെട്ട് പോകുമായിരുന്ന ആ ബാല്യം ഇന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതിയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് കാലം നമുക്കായി കാത്തുവെച്ച മറ്റൊരു കുസ്യതി ആയിരിക്കാം
രോഹിത് ഗുരുനാഥ് ശർമ്മ എന്ന നാമം ക്രിക്കറ്റ് ലോകം കേട്ടുതുടങ്ങിയത് 2007 ട്വന്റി ട്വന്റി ലോകകപ്പ് മുതലാണ്. ഇന്ത്യൻ ക്രിക്കറ്റിനെ സംമ്പന്ധിച്ച് അതിനിർണായകമായ ഒരു കാലഘട്ടം, ലോകകപ്പിലെ ദയനീയ പരാജയത്തോടെ സീനിയർ കളിക്കാർ ട്വന്റി ട്വന്റി ലോകപ്പിൽ നിന്നും സ്വയം മാറി നിന്ന് യുവതാരങ്ങൾക്ക് അവസരം കൊടുത്തത് രോഹിതിനെ പോലെ ഉള്ളവർക്ക് അനുഗ്രഹമായി. ക്രിക്കറ്റ് ആരാധകരെ ആവേശ കൊടുമുടിയിൽ എത്തിച്ച പല മത്സരങ്ങളും കാഴ്ച്ചയുടെ ദൃശ്യ വിരുന്നൊരുക്കി.ഭാവിയിൽ ഇന്ത്യൻ ടീമിനെ മുമ്പോട്ട് കൊണ്ടുപോകാൻ പ്രാപ്തി ഉള്ള പല യുവതാരങ്ങളും ഉയർന്നു വന്നു.ഇന്ത്യയുടെ നിർണായകമായ മത്സരം സൗത്ത് ആഫ്രിക്കകെതിരെ ഡർബനിൽ നടക്കുന്നു. മുൻനിര തകർന്ന മത്സരത്തിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയ രോഹിത് 40 പന്തിൽ നേടിയ 50 റൺസ് ഇന്ത്യൻ വിജയത്തിന് അതിനിർണായകമായ കാരണമായി തീർന്നു. ഫൈനൽ പോരാട്ടത്തിൽ ഉമർ ഗുൽ, മുഹമ്മദ് ആസിഫ്, സൊഹൈൽ തൻവീർ തുടങ്ങിയവർ അണിനിരന്ന ആ ലോകകപ്പിലെ ഏറ്റവും ബൗളിംഗ് സംഘമുള്ള പാക്കിസ്താനെതിരെ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് പതിവ് താളം കണ്ടെത്താൻ സാധിക്കാതിരുന്നപ്പോൾ രക്ഷകനായത് ഗംഭീറിനോടൊപ്പം അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ് നടത്തിയ രോഹിത് ആയിരുന്നു . അങ്ങനെ ആ ലോകകപ്പ് വിജയത്തിൽ തന്റെ പങ്ക് രോഹിത് മനോഹരമായി നിർവഹിച്ചു.
കുട്ടി ക്രിക്കറ്റിനെ ഇന്ത്യയിൽ ഇത്രത്തോളം ജനകീയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഐ.പി എലിന്റെ ആദ്യ 3 സീസണുകളിൽ ഹൈദരാബാദ് ഡെക്കാൻ ചാർജേർസിന്റെ കൂടെയും പിന്നീട് മുംബൈ ഇന്ത്യൻസിന്റെ കൂടെയുമായിരുന്നു രോഹിതിന്റെ യാത്ര.ഈ കാലയളവ് വരെ ഐ പി എലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിൽ മൂന്നാം സ്ഥാനത്താണ് രോഹിത് .ഐപിഎൽ രണ്ടാം സീസണിൽ ഹാട്രിക്ക് നേടിയ രോഹിത് ബൗളിങ്ങിലും തന്റെ കഴിവ് കാട്ടി. ആ സീസണിൽ ഹൈദരാബാദ് കിരീട വിജയത്തിൽ രോഹിതും വലിയ പങ്ക് വഹിച്ചു.രോഹിത് എന്ന താരത്തിന്റെ വളർച്ച മുംബൈ ഇന്ത്യൻസിൽ ചേർന്നതിന് ശേഷം കൂടുതൽ മെച്ചപെട്ടു.രോഹിത് എന്ന ബാറ്റ്സ്മാൻ മാത്രമല്ല രോഹിത് എന്ന നായകനും കൂടി ആയിരുന്നു അവിടെ ഒരുപോലെ വളർന്നത്. കുട്ടിക്രിക്കറ്റ് ബുദ്ധിയുടെ കൂടെ കളിയാണെന്ന് തെളിയിക്കുന്ന രീതിയിൽ തീരുമാനങ്ങളെടുക്കാനും ഫീൽഡ് ഒരുക്കാനും ഉള്ള അസാധാരണ മികവ് മുംബൈക്ക് 4 ഐ പി എൽ കിരീടം നേടി കൊടുത്തു . ഐ പി എലിൽ നായകനായും താരമായും ഏറവും കൂടുതൽ കിരീടം നേടിയതും രോഹിത് തന്നെ (5 എണ്ണം)
2021 ഡിസംബറിൽ ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്ത ശേഷം പിന്നെ അനേകം മികച്ച വിജയങ്ങളിലേക്ക് അദ്ദേഹം നയിച്ചു. ടെസ്റ്റിൽ വൈറ്റ് ബോൾ ക്രിക്കറ്റുമായി താരതമ്യം ചെയ്യുമ്പോൾ അത്ര മികവ് കാണിച്ചില്ല എങ്കിലും ഏകദിന, ടി 20 ടീമിനെ അദ്ദേഹം മികച്ച രീതിയിൽ നയിച്ചു. 2023 ഏകദിന ലോകകപ്പിൽ ടീമിനെ ഫൈനലിലേക്ക് നയിച്ച രോഹിത് അവിടെ പരാജയപ്പെട്ടെങ്കിലും ഇന്ത്യ കളിച്ചത് ഏതൊരു ടീമിനെക്കാളും മികച്ച രീതിയിൽ ആയിരുന്നു. ശേഷം 2024 ടി 20 ലോകകപ്പ് കിരീടത്തിലേക്ക് ടീമിനെ നയിച്ച രോഹിത് ഈ വർഷം ചാമ്പ്യൻസ് ട്രോഫി കിരീടവും നേടാൻ ഇന്ത്യയെ സഹായിച്ചു. അതിനിടയിൽ ti20 , ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിച്ച താരം ഏകദിനത്തിൽ മാത്രമാണ് തുടർന്നത്.
ഇന്ന് ഇതാ ഓസ്‌ട്രേലിയക്കെതിരായ ഏകദിന ടീം പ്രഖ്യാപിക്കുമ്പോൾ നായക സ്ഥാനത്ത് നിന്ന് അയാൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു. വരാനിരിക്കുന്ന ലോകകപ്പിന് മുമ്പ് ഒരു വലിയ മാറ്റം എന്ന നിലയിൽ ഗില്ലിനെ നായകനാക്കുക ആയിരുന്നു ബിസിസിഐ. ഇനി ഒരു താരമെന്ന നിലയിൽ മാത്രം ടീമിൽ തുടരുന്ന രോഹിത്തിനെ ചിലപ്പോൾ മോശം പ്രകടനം വന്നാൽ ബിസിസിഐ ഒഴിവാക്കിയേക്കാം, വിടവാങ്ങൽ മത്സരം പോലും കൊടുത്തേക്കില്ല, എങ്കിലും രോഹിത് എന്ന വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാൾ ഉണ്ടാക്കിയെടുത്ത ആ പേരും പെരുമയും എന്നെന്നും നിലനിൽക്കും.
Discussion about this post