ശബരിമല സ്വർണപാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി.കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ സ്വർണ്ണം ഉൾപ്പെടെയുള്ള സ്വത്തുക്കൾ ചിലർ അപഹരിക്കുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ വിപുലമായ ഓഡിറ്റിംഗ് നടത്തണമെന്ന് ഡി എസ് ജെ പി പ്രസിഡൻറ് കെ എസ് ആർ മേനോൻ ആവശ്യപ്പെട്ടു.
“ആദ്യകാലം മുതലേ ചെമ്പ് സ്വർണ്ണമാക്കി മാറ്റാനുള്ള വലിയ ശ്രമങ്ങൾ ശാസ്ത്രജ്ഞർ നടത്തിക്കൊണ്ടിരിക്കുമ്പോൾ ശബരിമലയിൽ ഉത്തരവാദിത്തപ്പെട്ടവർ സ്വർണ്ണം ചെമ്പാക്കി മാറ്റുന്ന പരിപാടിയിൽ വിജയം കണ്ടിരിക്കുകയാണ്”കാട്ടിലെ തടി തേവരുടെ ആന’ എന്ന നിലയിൽ ക്ഷേത്രങ്ങളുടെ കൊള്ളയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അത് തടയാൻ എല്ലാ ഹിന്ദു സംഘടനകളും ശക്തിയായി മുന്നോട്ടു വരണം. കൂടാതെ ഈ ശ്രമത്തെ പിന്തുണയ്ക്കാൻ മറ്റു മതസ്ഥരും ധാർമികമായി ബാധ്യസ്ഥരാണ്.
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ സ്വർണ്ണ രുദ്രാക്ഷമാല മോഷണം പോയത് വിജിലൻസ് റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. അനുമതി ഇല്ലാതെ വിളക്കിചേർത്ത മഹാദേവന്റെ മൂന്ന് സുവർണ്ണനാഗപ്പത്തികൾ എന്ത് ലോഹമാണെന്ന് ഇനി അന്വേഷിക്കേണ്ടിവരുമെന്ന് ഡി എസ് ജെ പി പറഞ്ഞു.
ഹിന്ദു ദേവന്മാരെ മാത്രം തള്ളിപ്പറയുന്ന രാഷ്ട്രീയപ്പാർട്ടി കൾ കേരളം ഭരിക്കുമ്പോൾ അമ്പലങ്ങൾ മാത്രമല്ല ഹിന്ദു സങ്കല്പം തന്നെയാണ് തകർക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നത്. ഇടതുപക്ഷ പാർട്ടികളിലെ വൻഭൂരിപക്ഷം ഹിന്ദുക്കളും, പല മുൻനിര നേതാക്കളും ഇപ്പോഴും വിശ്വാസികളാണെന്ന് മറക്കരുത്.തലസ്ഥാനത്തെ ലോകത്തിലെ തന്നെ അതീവ സമ്പന്നമായ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണചൂലിലും, അമൂല്യങ്ങൾ പതിച്ച ആടയാഭരണങ്ങളിലും ചില രാഷ്ട്രീയ പാർട്ടികൾ പണ്ടുതൊട്ടേ നോട്ടമിട്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ദശലക്ഷങ്ങൾ ആരാധിക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൻറ കാണിക്കവഞ്ചിയിൽ കയ്യിട്ടുവാരി 10 കോടി രൂപ സർക്കാരിന് മാനേജ്മെൻറ് കൈമാറിയ നടപടിക്കെതിരെ ഡി എസ് െജ പി ഹൈക്കോടതിയിൽ പോയി അനുകൂലവിധി സമ്പാദിച്ചതാണ്.ഹൈക്കോടതിയുടെ മേൽനോട്ടം ഉണ്ടെങ്കിലും നിയമ വ്യവസ്ഥയ്ക്ക് പുല്ല് വില കൽപ്പിച്ചാണ് ദേവസ്വം അധികൃതർ പല കാര്യങ്ങളും നടത്തുന്നത്. ഒരു ഉണ്ണികൃഷ്ണൻ നമ്പൂതിരി തന്നെ ഈ വിവാദ കുരുക്കുകളിൽ കുടുങ്ങിയിരിക്കുന്നു എന്നത് വളരെ ദുഃഖകരമാണെന്ന് പറയേണ്ടിയിരിക്കുന്നുവെന്ന് പാർട്ടി വ്യക്തമാക്കി.
ക്ഷേത്ര ഭരണം തീരെ ജീർണിച്ചിരിക്കുന്ന ഈ അവസരത്തിൽ, ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ടു സംശുദ്ധമായ ഒരു ഭരണക്രമം ഉണ്ടാക്കാൻ കോടതികളും കേന്ദ്രവും മുൻകൈയെടുക്കണം, പാർട്ടി ആവശ്യപ്പെട്ടു.
Discussion about this post