കണ്ണൂരിൽ തെരുവുനായ ശല്യത്തിനെതിരായ നാടകം അവതരിപ്പിക്കുന്നതിനിടെ നടനെ നായ കടിച്ചു. മയ്യിൽ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച ‘പേക്കോലം’ എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ് കലാകാരനെ നായ കടിച്ചത്. നാടക പ്രവർത്തകൻ കണ്ടക്കൈയിലെ പി രാധാകൃഷ്ണനാണ് നായയുടെ കടിയേറ്റത്.
ഏകദേശം 20 മിനിറ്റോളം ദൈർഘ്യമുള്ളതായിരുന്നു ഈ നാടകം.നാടകം ആരംഭിച്ച് കുറച്ച് മിനിറ്റുകൾ മാത്രം കഴിഞ്ഞപ്പോൾ, അപ്രതീക്ഷിതമായി കറുത്ത നിറത്തിലുള്ളൊരു നായ പുറത്ത് നിന്നും കുരച്ച് കൊണ്ട് ഓടി സ്റ്റേജിലേക്ക് കയറി രാധാകൃഷ്ണന്റെ വലതു കാലിന് പിന്നിൽ കടിച്ച ശേഷം പോവുകയായിരുന്നു. നാടകം പൂർത്തിയാക്കിയ ശേഷമായിരുന്നു കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.
നായയുടെ കടിയേറ്റിട്ടും സ്റ്റേജിൽ നിന്ന് ഇറങ്ങുകയോ നാടക അവതരണം നിർത്തുകയോ ചെയ്യാത്തതിനാൽ കാണികളും തെറ്റിദ്ധരിച്ചു. എന്നാൽ പലരും നായ നാടകത്തിന്റെ ഭാഗമാണെന്നാണ് കരുതിയത്.
Discussion about this post