ഇസ്ലാമാബാദ് : ഇന്ത്യ ഒരിക്കലും ഐക്യത്തോടെ നിന്നിട്ടില്ലെന്ന പരാമർശവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്താനി ടെലിവിഷൻ ചാനൽ ആയ സമ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ കാലത്തല്ലാതെ ഇന്ത്യയിൽ ഒരിക്കലും ഐക്യം ഉണ്ടായിട്ടില്ല, എന്നാൽ ഇന്ത്യയ്ക്കെതിരെ എല്ലാ പാകിസ്താനികളും എപ്പോഴും ഒറ്റക്കെട്ടാണെന്നും ഖ്വാജ ആസിഫ് അഭിപ്രായപ്പെട്ടു.
ഇന്ത്യയുമായി എപ്പോഴും ഒരു യുദ്ധ സാധ്യതയുണ്ടെന്നും ഖ്വാജ ആസിഫ് സൂചിപ്പിച്ചു. അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ഇസ്ലാമാബാദിന് ശക്തമായ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഖ്വാജ ആസിഫിന്റെ ഈ വിവാദ പരാമർശങ്ങൾ. “അള്ളാഹുവിന്റെ പേരിലാണ് പാകിസ്താൻ സൃഷ്ടിക്കപ്പെട്ടത്. നമ്മുടെ രാജ്യത്ത് നമ്മൾ വാദിക്കുകയും മത്സരിക്കുകയും ഒക്കെ ചെയ്യും. എന്നാൽ ഇന്ത്യയുമായുള്ള പോരാട്ടത്തിൽ എല്ലാ പാകിസ്താനികളും ഒറ്റക്കെട്ടായി ഒന്നിച്ചു നിൽക്കും” എന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി.
“എനിക്ക് സംഘർഷം രൂക്ഷമാക്കാൻ ആഗ്രഹമില്ല, പക്ഷേ അപകടസാധ്യതകൾ യാഥാർത്ഥ്യമാണ്, ഞാൻ അത് നിഷേധിക്കുന്നില്ല. ദൈവം അനുവദിച്ചാൽ, യുദ്ധത്തിലേക്ക് വന്നാൽ മുമ്പത്തേക്കാൾ മികച്ച ഫലം നമുക്ക് ലഭിക്കും” എന്നും ഖ്വാജ ആസിഫ് സമ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
Discussion about this post