സൂപ്പർതാരം മുഹമ്മദ് ഷമി വളരെക്കാലമായി ഇന്ത്യൻ ടീമിന് പുറത്താണ്. 2025 ലെ ചാമ്പ്യൻസ് ട്രോഫിയിലാണ് അദ്ദേഹം അവസാനമായി ഇന്ത്യൻ ടീമിനായി കളിച്ചത്. അതിനുശേഷം ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം ഇന്ത്യൻ ടീമിൽ നിന്ന് പുറത്താകുകയായിരുന്നു. ശേഷം ഫിറ്റ്നസ് വീണ്ടെടുത്തു എങ്കിലും ഐപിഎല്ലിൽ കളിക്കുകയും ബംഗാളിനായി പതിവായി ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ബിസിസിഐ സെലക്ടർമാർ അദ്ദേഹത്തെ അവഗണിക്കുക ആയിരുന്നു. എന്തായാലും ഒക്ടോബർ 19 ന് ആരംഭിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന, ടി20 ഐ ടീമുകളിലേക്ക് അദ്ദേഹത്തെ പരിഗണിക്കാത്ത സാഹചര്യത്തിൽ താരം ഈ വിഷയത്തിൽ താരം പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ്.
“ധാരാളം കിംവദന്തികൾ പ്രചരിക്കുന്നു. ഓസ്‌ട്രേലിയൻ പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിനെക്കുറിച്ചുള്ള എന്റെ അഭിപ്രായം അറിയാൻ ആളുകൾ ആഗ്രഹിക്കുന്നു. സെലെക്ഷൻ എന്റെ കൈകളിലല്ല എന്ന് നിങ്ങൾ മനസിലാക്കുക. അത് സെലക്ഷൻ കമ്മിറ്റിയുടെയും പരിശീലകന്റെയും ക്യാപ്റ്റന്റെയും ജോലിയാണ്. ഞാൻ അവിടെ ഉണ്ടായിരിക്കണമെന്ന് അവർക്ക് തോന്നിയാൽ, അവർ എന്നെ തിരഞ്ഞെടുക്കും, ഞാൻ പോരാ എന്ന് അവർക്ക് തോന്നിയാൽ പരിശീലനം നടത്തി തിരിച്ചുവരാൻ ഞാൻ തയാറാണ്” ഷമി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
“എന്റെ ഫിറ്റ്‌നസ് ഇപ്പോൾ മികച്ചതാണ്. ഞാൻ ദുലീപ് ട്രോഫിയിൽ നന്നായി കളിച്ചു. എനിക്ക് വളരെ സന്തോഷം തോന്നി. അവിടെ എന്റെ താളം നല്ലതായിരുന്നു, ഞാൻ ഏകദേശം 35 ഓവറുകൾ ബൗൾ ചെയ്തു. എന്റെ ഫിറ്റ്‌നസിൽ ഒരു പ്രശ്‌നവുമില്ല.”
ഏകദിന ക്യാപ്റ്റനായി രോഹിത് ശർമ്മയെ മാറ്റിയതിനെക്കുറിച്ചും ശുഭ്മാൻ ഗിൽ പുതിയ ക്യാപ്റ്റനായതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “ഒരു എതിർപ്പും ഉണ്ടാകരുതെന്ന് ഞാൻ കരുതുന്നു. ഇത് ബിസിസിഐയുടെയും സെലക്ടർമാരുടെയും പരിശീലകരുടെയും തീരുമാനമാണ്. ഇംഗ്ലണ്ടിൽ ഇന്ത്യയെ നയിച്ചത് ശുഭ്മാൻ ആണ്, ഗുജറാത്ത് ടൈറ്റൻസിന്റെയും ക്യാപ്റ്റനാണ് അദ്ദേഹം. അതിനാൽ, അദ്ദേഹത്തിന് അനുഭവപരിചയമുണ്ട്. ആരെയെങ്കിലും ഈ ഉത്തരവാദിത്തം ഏൽപ്പിക്കണം. ബിസിസിഐ അതിനായി ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്തു. നമ്മൾ അത് അംഗീകരിക്കണം,” ഷമി പറഞ്ഞു.
Discussion about this post