സ്വർണം കായ്ക്കുന്ന മരം…ആഹാ എത്ര മനോഹരമായ സ്വപ്‌നം.ഇപ്പോഴത്തെ സ്വർണ വില കാണുമ്പോൾ സ്വർണം പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മരമുണ്ടെങ്കിൽ പെട്ടെന്ന് പണക്കാരനാവാമെന്ന് ആരും ആഗ്രഹിച്ചുപോകുന്നതിൽ തെറ്റില്ല. കേൾക്കുമ്പോൾ അതിശയകരമായതായി തോന്നാമെങ്കിലും, ഇതിലൊരു ശാസ്ത്രീയ സത്യം ഒളിച്ചിരിപ്പുണ്ട്. വടക്കൻ ഫിൻലാൻഡിലും നോർവെയിലുമുള്ള സ്പ്രൂസ് (Spruce) മരങ്ങളെക്കുറിച്ചുള്ള പുതിയ ഗവേഷണം പ്രകൃതിയിലെ അത്ഭുതങ്ങളിലേക്ക് ഒരു പുതിയ വാതിൽ തുറക്കുകയാണ്.
ഔലു സർവകലാശാലയും ഫിൻലാൻഡിലെ ജിയോളജിക്കൽ സർവേയും ചേർന്നാണ് ഈ അത്ഭുതകരമായ കണ്ടെത്തൽ നടത്തിയത്. ഗവേഷകർ പറയുന്നത് പ്രകാരം, സ്പ്രൂസ് മരത്തിന്റെ ട്രീ നീഡിലുകളിൽ (ഇലകളിൽ) ചെറിയ സ്വർണ നാനോകണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതിന് മരങ്ങളിൽ താമസിക്കുന്ന സൂക്ഷ്മാണുക്കളാണ് സഹായിക്കുന്നത്.
മണ്ണിനുള്ളിൽ ജീവിക്കുന്ന ചില പ്രത്യേക ബാക്ടീരിയകൾ വേരുകളിലൂടെ മരത്തിനുള്ളിലേക്ക് കടക്കുന്നു. അവ ഇലകളിലും തണ്ടുകളിലും എത്തി ബയോഫിലിം രൂപപ്പെടുത്തുന്നു. ഈ ബയോഫിലിം വഴി സൂക്ഷ്മ പരിസ്ഥിതികൾ സൃഷ്ടിക്കുകയും, അതിലൂടെ സ്വർണ നാനോകണങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. ഗവേഷണത്തിൽ P3OB-42, Cutibacterium, Corynebacterium എന്നീ ബാക്ടീരിയകൾ ഉള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ സ്വർണ നാനോകണങ്ങൾ കണ്ടെത്തിയത്. ഇവ മരത്തിന്റെ ഉൾവശത്ത് സ്വർണം രൂപപ്പെടാൻ അനുയോജ്യമായ രാസപരിസ്ഥിതി സൃഷ്ടിക്കുന്നതായാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
എങ്കിലും എല്ലാ മരങ്ങളിലും സ്വർണം ഉണ്ടാവണമെന്നില്ല. മണ്ണിന്റെ സ്വഭാവം, അതിലുളള ജലപാതങ്ങൾ, സൂക്ഷ്മജീവികളുടെ സാന്നിധ്യം, പ്രാദേശിക കാലാവസ്ഥ തുടങ്ങിയ ഘടകങ്ങൾ എല്ലാം ഇതിൽ നിർണായകമാണ്.അതായത്, പ്രകൃതിയിലുടനീളം സ്വർണം പിറക്കുന്ന മരങ്ങൾ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
ഈ കണ്ടെത്തൽ ഖനനശാസ്ത്രത്തിനും പര്യവേഷണ മേഖലയ്ക്കും വൻ സാധ്യതകൾ തുറന്നുതരുകയാണ്. പരമ്പരാഗതമായി ഭൂമിയെ തുരന്നെടുക്കുന്ന സ്വർണവേട്ടകൾക്ക് പകരം, ഇനി മരങ്ങളുടെ രാസഘടനയും അവയിൽ ജീവിക്കുന്ന സൂക്ഷ്മാണുക്കളും പഠിച്ചാൽ മണ്ണിനടിയിലെ സ്വർണശേഖരങ്ങൾ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് ഗവേഷകർ പ്രകടിപ്പിക്കുന്നത്.
Discussion about this post