ലോകത്തിലെ പണക്കാരുടെ ലിസ്റ്റെടുത്താൽ 11 ാം സ്ഥാനം. എന്നാൽ സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം ഇല്ല,ഒറ്റ ജോലിക്കാരനില്ല,ഒരു ഉത്പന്നം പോലും പുറത്തിറക്കുന്നില്ല..പക്ഷേ ഓരോ സെക്കൻഡിലും അക്കൗണ്ടിലേക്ക് കുമിഞ്ഞുകൂടുന്ന പണത്തിന്റെ അളവ് ചിന്തിക്കാവുന്നതിലും അപ്പുറം..ഏതോ മുത്തശ്ശിക്കഥയിലെ സാങ്കൽപ്പിക കഥാപാത്രത്തെ കുറിച്ചല്ല ഈ പറഞ്ഞുവരുന്നത്. ലോകം മുഴുവൻ അന്വേഷിക്കുന്ന അജ്ഞാതനായ ശതകോടീശ്വരനെ പറ്റിയാണ്. മുഖമോ രൂപമോ ഒരൊറ്റ കുഞ്ഞിന് മുമ്പിൽ പോലും വെളിപ്പെടുത്താതെ പ്രശസ്തിയോ ഭീഷണികളോ അനുഭവിക്കാതെ ലോകത്തിന്റെ ഏതോ ഒരു മൂലയിലിരുന്ന് അയാൾ സമ്പാദിക്കുകയാണ്. അയാളെന്ന് തീർച്ചപ്പെടുത്താനും വയ്യ, ചിലപ്പോഴത് ഒരു കുടുംബമാകാം. ഒരു സംഘടനയാകാം… ഒരു പേര് മാത്രമാണ് നമുക്കറിയാവുന്നത്.. സതോഷി നകാമോട്ടോ…
അജ്ഞാതനായ ഈ കോടീശ്വരൻ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം സതോഷി നകാമോട്ടോ 50 വയസുകാരനായ ജപ്പാൻകാരനാണെന്ന് നാം വിശ്വസിക്കേണ്ടി വരും. പ്രമുഖ വെബ്‌സൈറ്റുകൾ നൽകുന്ന കണക്കുകൾ പ്രകാരം, 128 ബില്യൺ ഡോളറിന് മുകളിലാണ് സതോഷി നകാമോട്ടയുടെ ആസ്തി. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഇന്ത്യയിലെ വമ്പൻ ബിസിനസ് സാമ്രാജ്യങ്ങളുടെ അമരക്കാരനായ മുകേഷ് അംബാനിയുടെ ആസ്തി ഏകദേശം 106 ബില്യൺ ഡോളറാണ്. ഇത്രയ്ക്ക് സമ്പാദിക്കാൻ സതോഷി എന്താണ് ചെയ്യുന്നത്? എന്താണ് വരുമാനമാർഗം? ലോകമെത്ര മാറിപ്പോയി എന്ന് നാം ചിന്തിച്ചുപോകും സതോഷിയുടെ വരുമാനമാർഗത്തെ കുറിച്ചറിഞ്ഞാൽ..
ബിറ്റ്കോയിൻ, ലോകത്തെ ഏറ്റവും ആദ്യത്തെ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിനിന്റെ സൃഷ്ടാവാണ് സതോഷി. 2008ൽ ബിറ്റ്കോയിൻ വൈറ്റ്പേപ്പർ പുറത്തിറക്കിയതും 2009-ൽ ആദ്യത്തെ ബിറ്റ്‌കോയിൻ ബ്ലോക്ക് രൂപീകരിച്ചതും ‘സതോഷി നകാമോട്ടോ’ എന്ന പേരിലാണ്. സതോഷിയുടെ കൈവശമുള്ള 1.096 മില്യൺ ബിറ്റ്കോയിനുകളാണ് അദ്ദേഹത്തിന് ഇത്രയും സമ്പത്ത് നൽകുന്നത്. അതായത് മൊത്തം ബിറ്റ്‌കോയിന്റെ അഞ്ച് ശതമാനത്തോളം കൈവശം വച്ചാണ് സതോഷി എവിടെയോ മറഞ്ഞിരിക്കുന്നത്.
എന്നിരുന്നാൽകൂടിയും സതോഷിയുടെ പ്രൊഫൈൽ ഫോർബ്‌സ് ഉൾപ്പെടെയുള്ള ലിസ്റ്റിങ്ങിൽ കാണാൻ സാധിക്കില്ല. ബിറ്റ്‌കോയിൻ മൂല്യം സമ്പത്തായി പരിഗണിക്കാത്തത് തന്നെ ഇതിനുള്ള കാരണം. പക്ഷേ ബിറ്റ്‌കോയിന്റെ മൂല്യം ഇനിയുമിങ്ങനെ വർദ്ധിച്ചാൽ വർഷങ്ങൾക്കുള്ളിൽ തന്നെ ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും ലോകത്തെ ഏറ്റവും ധനികരുടെ പട്ടികയിൽ വലിയ സ്ഥാനം തന്നെ സതോഷി സ്വന്തമാക്കും. ഒന്നാം സ്ഥാനം ഈ അജ്ഞാതന്റെ പേരിലായാൽ പോലും അത്ഭുതപ്പെടാനില്ലെന്നാണ് പ്രവചനങ്ങൾ.
ആരാണ് ഈ സതോഷി നകാമോട്ടോ? എന്ന സംശയം ബിറ്റകോയിന്റെ ജനനം മുതൽ ഉയർന്നുകേൾക്കുന്നതാണ്. സോഫ്‌റ്റ്വെയർ ഡെവലപ്പർ ഹാൽ ഫിന്നി, കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ നിക്ക് സാബോ, ജാക്ക് ഡോർസി തുടങ്ങിയ പ്രമുഖർ വരെ സതോഷി നകാമോട്ടോ ആയിരിക്കാം എന്ന് പലപ്പോഴും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഈ വ്യക്തികളെല്ലാം തങ്ങൾക്ക് ഇതിൽ പങ്കാളിത്തമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇടയ്ക്ക് ടെസ്ല മേധാവി ഇലോൺ മസ്‌കാണ് ആ മറഞ്ഞിരിക്കുന്ന കോടീശ്വരൻ എന്നും അദ്ദേഹത്തിന്റെ ബിനാമിയാണ് സതോഷിയെന്നും വരെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. മസ്‌ക് ബിറ്റ്‌കോയിന് നൽകുന്ന സ്വീകാര്യതയും..ടെസ്ല ഉത്പന്നങ്ങൾ ബിറ്റ്‌കോയിൻ വഴി വാങ്ങാൻ സാധിക്കുന്ന വിധത്തിൽ ക്രമീകരിക്കുമെന്ന് പ്രഖ്യാപിച്ചതുമാണ് ആളുകൾ അങ്ങനെ കരുതാനുള്ള കാരണം. 2024 ൽ ഓസ്‌ട്രേലിയൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ക്രെയ്ഗ് റൈറ്റ് താനാണ് സതോഷിയെന്ന് അവകാശപ്പെട്ടെങ്കിലും കോടതി ആ വാദം തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
നിലവിൽ പൂർണമായും ഇരുട്ടിൽ മറഞ്ഞിരുന്ന് ബിറ്റ്‌കോയിനെ നിയന്ത്രിക്കുന്ന സതോഷി പക്ഷേ ആദ്യ കാലത്ത് അങ്ങനെ ആയിരുന്നില്ല അത്രേ… 2011 വരെ സതോഷി, ഫോറങ്ങളിലൂടെയും ഇമെയിലുകളിലൂടെയും പലരുമായി ആശയവിനിമയം നടത്തിയിരുന്നു. ബിറ്റകോയിൻ വിനിമയത്തിനായി സോഫ്‌റ്റെവയർ പുറത്തിറക്കുകയും അത് മെച്ചപ്പെടുത്തുന്നതിനായി ഓൺലൈനിൽ ഡെവലപ്പർമാരുമായും കോഡർമാരുമായും സഹകരിക്കുകയും ചെയ്തിരുന്നുവത്രേ. പിൻക്കാലത്താണ് സതോഷി യാതൊരു മുന്നറിയിപ്പുമില്ലാതെ അപ്രത്യക്ഷനായത്. താൻ ജപ്പാനിൽ ജീവിക്കുന്നയാളാണെന്ന് സതോഷി നകാമോട്ടോ അവകാശപ്പെട്ടിരുന്നുവെങ്കിലും, സതോഷിയുടെ പ്രവർത്തന സമയം ബ്രിട്ടനിലെ സമയവുമായി ഒത്തുപോകുന്നതായി പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അജ്ഞാതനായി തുടരുന്നത് കൊണ്ട് തന്നെ, സതോഷി ആരാണെന്ന് കണ്ടെത്താൻ ഒരുപാട് അന്വേഷണങ്ങളും നടന്നിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള ഡോക്യുമെന്ററികളും പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. എങ്കിലും ഇവരാർക്കും ആരാണ് സതോഷി നകാമോട്ടോ എന്നു കണ്ടെത്താനോ തെളിയിക്കാനോ സാധിച്ചിട്ടില്ല.
ഈ നിഗൂഢ വ്യക്തിയോടുള്ള ആദരസൂചകമായി, ഹംഗറിയിലെ ബുഡാപെസ്റ്റിലെ ഗ്രാഫിസോഫ്റ്റ് പാർക്കിൽ ഒരു ഹൂഡി ധരിച്ച സതോഷി നകാമോട്ടോയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സതോഷിയുടെ പ്രതിമ ഒരു പൊതു മനുഷ്യരൂപത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും നിഗൂഢനായ ഈ ഡെവലപ്പറുടെ ലിംഗഭേദം, വംശം, പ്രായം, ഉയരം എന്നിവയൊന്നും നമുക്കറിയില്ലെന്നും നിർമാതാക്കൾ പറയുന്നു.
Discussion about this post