ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിനെ അധോലോക സംഘം ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. മുംബൈ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ, ക്രിക്കറ്റ് താരത്തിന് ഭീഷണിയുമായി എത്തിയത് ദാവൂദ് ഇബ്രാഹിമും സംഘവും ആണെന്ന് കണ്ടെത്തി (ഡി-കമ്പനി). ഈ വർഷം ഫെബ്രുവരി മുതൽ ഏപ്രിൽ വരെ റിങ്കുവിന്റെ പ്രമോഷണൽ ടീമിന് മൂന്ന് വ്യത്യസ്ത മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള സന്ദേശം ഇവർ അയച്ചതായി മനസ്സിലാക്കുന്നു. ഡി-കമ്പനിയിലെ അംഗങ്ങൾ ആകെ 5 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പ്രമോഷണൽ ടീം പറയുന്നത്.
വെസ്റ്റ് ഇൻഡീസിൽ വെച്ച് അടുത്തിടെ ഡി കമ്പനിയിലെ രണ്ട് പ്രതികൾ അറസ്റ്റിലായിരുന്നു. മുഹമ്മദ് ദിൽഷാദ്, മുഹമ്മദ് നവീദ് എന്നീ രണ്ട് പ്രതികളെ ഓഗസ്റ്റ് 1 ന് ഇന്ത്യക്ക് അവർ കൈമാറി. അന്തരിച്ച മുൻ എംഎൽഎ ബാബ സിദ്ദിഖിയുടെ മകൻ സീഷാൻ സിദ്ദിഖിയിൽ നിന്ന് 10 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതിന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ടിവി 9 റിപ്പോർട്ട് അനുസരിച്ച്, റിങ്കുവിന്റെ ടീമുമായി ഡി കമ്പനിയാണ് സംസാരിച്ചതെന്ന് അവരിൽ ഒരാൾ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.
ഉത്തർപ്രദേശിലെ അലിഗഡിൽ നിന്നുള്ള റിങ്കു വളരെ ദരിദ്രമായ പശ്ചാത്തലത്തിൽ നിന്നുകരകയറി വന്ന ആളാണ്. റിങ്കുവിന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ കുടുംബത്തിന് നിരവധി സാമ്പത്തിക വെല്ലുവിളികൾ നേരിടേണ്ടിവന്നു. അടുത്തിടെ എംപി പ്രിയ സരോജിനെ വിവാഹം കഴിച്ചതിനുശേഷം അദ്ദേഹം തന്റെ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്.
2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ ടീമിൽ അടുത്തിടെ റിങ്കു അംഗമായിരുന്നു. പരിക്കേറ്റ ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി അദ്ദേഹം ഫൈനലിൽ ഇന്ത്യക്കായി കളത്തിറങ്ങി. കളിയുടെ അവസാന ഓവറിൽ ബൗണ്ടറിയിലൂടെ റിങ്കു വിജയ റൺസ് നേടി, ഇന്ത്യയെ ഫിനിഷിംഗ് ലൈൻ കടക്കാൻ സഹായിച്ചു.
Discussion about this post